വിദ്യാനഗറിൽ കുറ്റിക്കാട്ടിൽ പുഴുവരിച്ച മത്സ്യശേഖരം പിടികൂടി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

വിദ്യാനഗറിൽ കുറ്റിക്കാട്ടിൽ പുഴുവരിച്ച മത്സ്യശേഖരം പിടികൂടി

കാസർകോട് : വിദ്യാനഗറിൽ മതിൽക്കെട്ടിനകത്തെ കുറ്റിക്കാട്ടിൽ പഴകിയ മത്സ്യശേഖരം കണ്ടെത്തി. വിദ്യാനഗർ ബി.സി. റോഡിൽ കിഴക്കുഭാഗത്തുള്ള ബസ് വെയിറ്റിംഗ് ഷെൽട്ടറിന് സമീപത്തെ മതിൽക്കെട്ടിനുള്ളിലാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. കുറ്റിക്കാട്ടിൽ നിന്ന് അസഹ്യമായ ദുർഗന്ധം ഉയർന്നതിനെ തുടർന്ന് ഇന്ന് രാവിലെ സമീപത്തെ ഓട്ടോഡ്രൈവർമാർ അടക്കമുള്ളവർ ചെന്ന് നോക്കിയപ്പോൾ മീൻബോക്സുകൾ കണ്ടത്. വിറ്റതിൽ ബാക്കിയുണ്ടായിരുന്ന മീനുകളാണ് ബോക്സുകളിലുണ്ടായിരുന്നത്.
അഴുകിതുടങ്ങിയ മീനുകളിൽ പുഴുക്കൾ നുരയ്ക്കുന്നതായും കണ്ടെത്തി. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തിയിരുന്നു.
പഴകിയ മീനുകൾ അടങ്ങിയ ബോക്സുകൾ സൂക്ഷിച്ചവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. തലേദിവസം ബാക്കിവരുന്ന മീനുകൾ കുറ്റിക്കാട്ടിൽ ഒളിപ്പിച്ച് പിറ്റേദിവസം കഴുകി വീണ്ടും വിൽക്കുകയാണെന്ന് പരിസരവാസികൾ ആരോപിച്ചു. കുറഞ്ഞ വിലക്ക് പഴകിയ മത്സ്യം വാങ്ങി വീടുവീടാന്തരം വിൽപ്പന നടത്തുന്നവരും ജില്ലയിലെ വിവിധ ഭാഗങ്ങളിലുണ്ട്. പഴകിയ മത്സ്യം വിൽക്കുന്നത് തടയാൻ ജില്ലയിലെ നഗരഭാഗങ്ങളിൽ ആരോഗ്യവകുപ്പുദ്യോഗസ്ഥർ വല്ലപ്പോഴും മാത്രമാണ് പരിശോധന നടത്തുന്നത്.
എല്ലാ ഭാഗത്തും പരിശോധനകൾ ഉണ്ടാകുന്നില്ല. ബന്ധപ്പെട്ടവരുടെ ശ്രദ്ധ പതിയാത്ത ഇടങ്ങളാണ് പഴകിയ മത്സ്യം വിൽക്കുന്നവർ താവളങ്ങളാക്കുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ഇത്തരം വിൽപ്പന തടയാൻ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.