നീലേശ്വരത്ത് വൃത്തിഹീനമായ സ്ഥലത്ത് സൂക്ഷിച്ച മീന്‍ പിടിച്ചെടുത്തു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

നീലേശ്വരത്ത് വൃത്തിഹീനമായ സ്ഥലത്ത് സൂക്ഷിച്ച മീന്‍ പിടിച്ചെടുത്തു

നീലേശ്വരം : നീലേശ്വരം പാലത്തിനോടുചേർന്ന് സഹകരണ ആസ്പത്രിക്ക് മുൻവശത്തെ മീൻവിൽപ്പന കേന്ദ്രത്തിൽ രാത്രികാലങ്ങളിൽ മീൻ സൂക്ഷിക്കുന്നത് വൃത്തിഹീനമായ സ്ഥലത്ത്. മൂന്ന് കുട്ടകളിലായാണ് ഐസിട്ട് മീൻ സൂക്ഷിച്ചനിലയിൽ കണ്ടത്. വ്യാഴാഴ്ച നാട്ടുകാർ നഗരസഭയിൽ വിവരമറിയിച്ചതിനെ തുടർന്ന് ആരോഗ്യ വിഭാഗം അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടയിലെ മീൻ നായ കടിച്ച് നിലത്തുവീണ നിലയിലായിരുന്നു. ഇവ നഗരസഭ പിടിച്ചെടുത്ത് നശിപ്പിച്ചു. എന്നാൽ ഇത് കൊണ്ടുവെച്ചയാളെ തിരിച്ചറിയാനായില്ലെന്ന് അധികൃതർ പറഞ്ഞു. പത്തോളം പേർ ഇവിടെ മീൻ വിൽപ്പന നടത്തുന്നുണ്ട്. ഒരു മാസം മുൻപും ഇത്തരം സംഭവം ഇവിടെയുണ്ടായിരുന്നു.അന്ന് അധികൃതരെത്തി താക്കീത് നൽകിയതാണ്. സാധാരണ ശീതികരിച്ച്‌ സൂക്ഷിക്കേണ്ട മീനാണ് തുറന്ന സ്ഥലത്ത് ഒരു സുരക്ഷയുമില്ലാതെ വെച്ചത്. നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ പി.പി.മോഹനൻ, ജെ.എച്ച്.ഐ. ടി.വി.രാജൻ എന്നിവരാണ് പരിശോധന നടത്തിയത്. നഗരസഭാ പരിധിയിലെ മറ്റ് മീൻ വിൽപ്പന കേന്ദ്രങ്ങളിലും വരുംദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് ഇവർ പറഞ്ഞു.