പുളിക്കൽ പഞ്ചായത്തിൽ സാമൂഹ്യപ്രവർത്തകന്‍റെ ആത്മഹത്യ: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

മലപ്പുറം: സാംസ്കാരിക പ്രവര്‍ത്തകനും സിപിഎം സഹയാത്രികനുമായിരുന്ന റസാഖ് പയമ്പ്രോട്ട് സിപിഎം ഭരിക്കുന്ന മലപ്പുറം പുളിക്കല്‍ പഞ്ചായത്ത് ഓഫീസില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. മൃതദേഹത്തോടൊപ്പം ലഭിച്ച പരാതികളും രേഖകളും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. പ്ലാസ്റ്റിക് സംസ്ക്കരണ പ്ലാന്‍റ് പരിസ്ഥിതി ആരോഗ്യപ്രശ്നങ്ങളുണ്ടെക്കുന്നെന്ന് ചൂണ്ടിക്കാട്ടി നിരന്തരം പരാതിപ്പെട്ടിട്ടും പഞ്ചായത്തും ഉദ്യോഗസ്ഥരും നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു റസാഖ് പയമ്പ്രോട്ട് ആത്മഹത്യ ചെയ്തത്. സിപിഎം പ്രാദേശിക നേതൃത്വവും പുളിക്കല്‍ പഞ്ചായത്തും പ്രതിക്കൂട്ടിലായ സംഭവത്തില്‍ പ്രതിഷേധം കടുക്കുകയാണ്.
നാട്ടിലെ പ്ലാസ്റ്റിക് മാനില്യ സംസ്കരണ പ്ലാന്‍റിനെതിരെ നല്‍കിയ നിരന്തര പരാതികളും അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചുള്ള കുറിപ്പും കഴുത്തില്‍ത്തൂക്കിയാണ് കഴിഞ്ഞ ദിവസം പുളിക്കല്‍ പഞ്ചായത്ത് ഓഫീസില്‍ റസാഖിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സിപിഎം പ്രാദേശിക നേതൃത്വവും പുളിക്കല്‍ പഞ്ചായത്തും പ്രതിക്കൂട്ടിലായ സംഭവത്തില്‍ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യവകാശ കമ്മീഷന്‍ കേസെടുത്തത്. അന്വേഷണം നടത്തി പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ അംഗം കെ ബൈജുനാഥ് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂണ്‍ പതിനാലിന് തിരൂരില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും. മൃതദേഹത്തില്‍ നിന്നും ലഭിച്ച മാലിന്യ പ്ലാന്‍റിനെതിരെയുള്ള പരാതികളും മറ്റ് രേഖകളും പൊലീസ് പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി. കോടതിയുടെ നിര്‍ദേശപ്രകരാമായിരിക്കും പൊലീസിന്‍റെ തുടര്‍നടപടികള്‍.
ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തികുന്ന മാലിന്യ പ്ലാന്റിനെതിരെ റസാഖിന്‍റെ കുടുംബമുള്‍പ്പെടെയുള്ള നാട്ടുകാര്‍ കുറേക്കാലമായി സമരം രംഗത്താണ്. റസാഖിന്‍റെ സഹോദരന്‍ അഹമ്മദ് ബഷീര്‍ കഴിഞ്ഞ മാര്‍ച്ചില്‍ ശ്വാസകോശ രോഗം ബാധിച്ച് മരിച്ചിരുന്നു. മരണത്തിന് കാരണം സ്ഥാപനത്തില്‍ നിന്നുള്ള വിഷപ്പുകയാണെന്ന് ചൂണ്ടിക്കാട്ടിയും റസാഖ് പോരാട്ടം തുടര്‍ന്നങ്കിലും സ്റ്റോപ്പ് മെപ്പോ പോലും നല്‍കാന്‍ പഞ്ചായത്ത് തയാറായില്ല.പഞ്ചായത്ത് ഭരണസമിതി കൈക്കൂലി വാങ്ങി കച്ചവടലോബിക്ക് എല്ലാ സഹോയവും നല്‍കിയെന്ന ആരോപണവും റസാഖും കുടുംബവും ഉയര്‍ത്തിയിരുന്നു. എംഎസ്എംഇ ഏകജാലക ക്ലിയറിന്‍സ് ബോര്‍ട്ട് അനുമതി നല്‍കിയതിനാല്‍ സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ പരിമിതിയുണ്ടെന്ന നിലപാടായിരുന്നു ഭരണസമിതിയുടേത്. സിപിഎം സഹയാത്രികനായ റസാഖ് സ്വന്തം വീടും പറമ്പും ഇഎംഎസ് സ്മാരകമാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അങ്ങനെയുള്ള റസാഖിനോട് പാര്‍ട്ടി നീതികാട്ടിയില്ലെന്ന വിര്‍ശനം കടുക്കുകയാണ്.