'ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ച നടപടി പ്രസംസനീയം'; സര്‍ക്കാരിനെ പ്രശംസിച്ച്‌ ഹൈക്കോടതി

'ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ച നടപടി പ്രസംസനീയം'; സര്‍ക്കാരിനെ പ്രശംസിച്ച്‌ ഹൈക്കോടതി

കൊച്ചി: ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടി പ്രസംസനീയമെന്ന് ഹൈക്കോടതി. നിരക്ക് കുറയ്ക്കണം എന്നാവശ്യപ്പെട്ട് ഷാഫി പറമ്ബില്‍ അടക്കം നല്‍കിയ ഹര്‍ജിയിലാണ് പ്രശംസ. നിരക്ക് കുറച്ച്‌ ഉത്തരവ് ഇറക്കിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ റിപ്പോര്‍ട്ട്‌ രേഖപ്പെടുത്തിയ കോടതി ഹര്‍ജികള്‍ തീര്‍പ്പാക്കി. ടെസ്റ്റുകള്‍ ആവശ്യസേവന നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനം എടുക്കാമെന്ന് കോടതി പറഞ്ഞു.

അതേസമയം, സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ചികിത്സയ്ക്ക് അമിത ഫീസ് ഈടാക്കുന്നതിനെതിരായ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, ഇത് ഏറെ ഗൗരവമുള്ള വിഷയമാണെന്ന് നിരീക്ഷിച്ചു.കൊവിഡ് ചികിത്സയ്ക്ക് ആശുപത്രികള്‍ അമിത നിരക്ക് ഈടാക്കുന്നു എന്ന് വ്യാപക പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഓരോ രോഗിയും പ്രതിദിനം രണ്ട് പിപിഇ കിറ്റുകളുടെ പണം വരെ നല്‍കേണ്ടിവരുന്നുവെന്നും ഹൈക്കോടതി പറഞ്ഞു. വിവിധ പേരുകളിലാണ് ആശുപത്രികള്‍ ഇത്തരത്തില്‍ അധിക നിരക്ക് ഈടാക്കുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിരീക്ഷിച്ചു.

സര്‍ക്കാരിന്റെ മുന്‍ ഉത്തരവ് സ്വകാര്യ ആശുപത്രികള്‍ പാലിക്കുന്നില്ല. 10 പേരുള്ള വാര്‍ഡില്‍ ഓരോ രോഗിയില്‍ നിന്നും പിപിഇ കിറ്റിനുള്ള പണം ഈടക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. രണ്ടാം തരംഗം കൂടുതല്‍ ആളുകളെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കും. അതിനാല്‍ സര്‍ക്കാര്‍ ഒരു പോളിസി കൊണ്ടുവരുന്നതാണ് ഉചിതം. ഏറെ പൊതുതാല്പര്യം ഉള്ള ഒരു വിഷയമാണ് ഇതെന്നും കോടതി നിരീക്ഷിച്ചു.