മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നു; മണ്ണിടിച്ചിലില്‍ 36 മരണം

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നു; മണ്ണിടിച്ചിലില്‍ 36 മരണം

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 36 പേര്‍ മരിച്ചു. കൊങ്കണ്‍ മേഖലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ആയിരക്കണക്കിന് ആളുകളാണ് മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും കുടുങ്ങിയത്. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്രളയം മൂലം ഒറ്റപ്പെട്ടവര്‍ വീടുകള്‍ക്ക് മുകളിലോ ഉയര്‍ന്ന പ്രദേശങ്ങളിലോ കയറിനിന്ന് ഹെലികോപ്റ്ററിലുള്ള രക്ഷാപ്രവര്‍ത്തകരുടെ ശ്രദ്ധയാകര്‍ഷിക്കണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ 40 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന മഴയാണ് ഇപ്പോള്‍ മഹാരാഷ്ട്രയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

വ്യാഴാഴ്ച മൂന്നിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. 32 മൃതദേഹങ്ങള്‍ ഒരു സ്ഥലത്ത് നിന്നും ബാക്കിയുള്ളത് മറ്റൊരിടത്ത് നിന്നുമാണ് കണ്ടെത്തിയത്. രത്‌നഗിരി ജില്ലയിലെ തീരപ്രദേശമായ ചിപ്‌ലുന്‍ നഗരത്തില്‍ 24 മണിക്കൂര്‍ തുടര്‍ച്ചയായി മഴ പെയ്തതിനെ തുടര്‍ന്ന് 12 അടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. വഷിഷ്ടി നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ഈ പ്രദേശത്തെ വീടുകളും റോഡുകളുമെല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. നേവി, കോസ്റ്റ് ഗാര്‍ഡ്, ദേശീയ ദുരന്തനിവാരണസേന എന്നിവയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. റബ്ബര്‍ ബോട്ടുകള്‍, ലൈഫ് ജാക്കറ്റുകള്‍ തുടങ്ങിയ ഉപകരണങ്ങളുമായി നേവിയുടെ ഏഴ് സംഘങ്ങളെയാണ് രക്ഷാപ്രവര്‍ത്തനത്തിന് വിന്യസിച്ചിട്ടുള്ളത്. നേവിയുടെ ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുണ്ട്.