ഒരു ദിവസത്തിൽ 3 ദശലക്ഷം പേർ കണ്ട വീഡിയോ, സോഷ്യൽ മീഡിയയുടെ കണ്ണ് നനയിച്ച വയോധികൻ; 'അത്രമേൽ സ്നേഹം'

ഒരു ദിവസത്തിൽ 3 ദശലക്ഷം പേർ കണ്ട വീഡിയോ, സോഷ്യൽ മീഡിയയുടെ കണ്ണ് നനയിച്ച വയോധികൻ; 'അത്രമേൽ സ്നേഹം'

സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള വീഡിയോകൾ വൈറലാകാറുണ്ട്. ചിലത് ആളുകളെ രസിപ്പിക്കുമ്പോൾ ചിലത് കാഴ്ചക്കാരെ നൊമ്പരപ്പെടുത്തിയേക്കും. എത്ര കഠിന ഹൃദയരിൽ നിന്നും രണ്ട് തുള്ളി കണ്ണീർ പൊഴിപ്പിക്കുന്ന നിലയിലുള്ള വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിൽ ഒരു വീഡ‍ിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മരിച്ചുപോയ ഭാര്യയോടുള്ള വയോധികന്‍റെ സ്നേഹം വ്യക്തമാക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കണ്ണ് നനയിക്കുന്നത്.

വയോധികനായ മനുഷ്യൽ റോഡരികിലെ ഒരു കടയിൽ നിന്നും സർബത്ത് കുടിക്കുന്നതാണ് വീഡിയോയിലുള്ളത്. സൈക്കിളിലിരുന്ന് സർബത്ത് കുടിക്കവെ കയ്യിലിരിക്കുന്ന ആൽബത്തിലേക്ക് ഗ്ലാസ് മുട്ടിക്കുന്നത് വീഡിയോയിൽ കാണാം. ഒന്നുകൂടി സൂക്ഷ്മമായി നോക്കുമ്പോൾ ആണ് സംഭവം വ്യക്തമാകുന്നത്. മരിച്ചുപോയ തന്‍റെ ഭാര്യയുടെ ആൽബത്തിലുള്ള ചിത്രത്തിലേക്കാണ് വയോധികൻ ഗ്ലാസ് മുട്ടിക്കുന്നത്. താൻ കുടിക്കും മുന്നേ ഭാര്യയുടെ ചുണ്ടിലേക്ക് സർബത്ത് വച്ച് നൽകുകയാണ് ഈ മനുഷ്യൻ ചെയ്യുന്നത്. ശേഷമാണ് അദ്ദേഹം സർബത്ത് കുടിക്കുന്നത്. ഗുർപിന്ദർ സന്ധു എന്ന ഉപയോക്താവാണ് വയോധികന്‍റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ വൈറലാകുകകയും ചെയ്തു. ഒരു ദിവസത്തിനകം 3 ദശലക്ഷത്തോളം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.

മരിച്ചുപോയ ഭാര്യയോട് അത്രമേൽ സ്നേഹമുള്ള മനുഷ്യൻ എന്നാണ് പലരും കമന്‍റ് ചെയ്യുന്നത്. ഇത്തരത്തിലുള്ള സ്നേഹം ഇന്നും നിലനിൽക്കുന്നുണ്ടെന്നും ചിലർ കമന്‍റ് ചെയ്തിട്ടുണ്ട്. ഏറ്റവും കഠിന ഹൃദയരായ ആളുകളെ കൊണ്ടുപോലും കണ്ണുനീർ പൊഴിയിക്കുന്നതാണ് വീഡിയോ എന്നും ചിലർ ചൂണ്ടികാണിച്ചിട്ടുണ്ട്. ഇതിനെയാണ് യഥാർത്ഥ പ്രണയം എന്ന് വിളിക്കുന്നതെന്നും ഈ തലമുറയിൽ ഇത്തരത്തിലുള്ള യഥാർത്ഥ പ്രണയം കണ്ടെത്താൻ പ്രയാസം ആണെന്നുമുള്ള കമന്‍റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജീവിതത്തിൽ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ വീഡിയോ ആണിതെന്നും എല്ലാ മനുഷ്യരും ഇത്തരത്തിലുള്ള ഒരു സ്നേഹം അർഹിക്കുന്നുവെന്നും ചിലർ കമന്‍റ് ചെയ്തിട്ടുണ്ട്.