വിവാഹ വിരുന്നില്‍ മട്ടന്‍കറിയില്ല; വിവാഹത്തില്‍ നിന്നും പിന്‍മാറി വരന്‍

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

വിവാഹ വിരുന്നില്‍ മട്ടന്‍കറിയില്ല; വിവാഹത്തില്‍ നിന്നും പിന്‍മാറി വരന്‍

ഭുവനേശ്വര്‍: വിവാഹ വിരുന്നില്‍ മട്ടന്‍കറിയില്ലാത്തതിനാല്‍ വിവാഹത്തില്‍ നിന്നും പിന്‍മാറി വരന്‍. ഓഡീഷ്യയിലാണ് ഈ സംഭവം നടന്നത് എന്നാണ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സുകിന്ദയില്‍ ബുധനാഴ്ചയാണ് സംഭവം. കിയോന്‍ജാര്‍ ജില്ലയിലെ റേബനാപാലസ്പാര്‍ സ്വദേശിയാണ് വിവാഹത്തില്‍ നിന്നും പിന്‍മാറിയ വരനായ രാമകാന്ത് പത്ര. 

ബുധനാഴ്ച ഉച്ചയോടെ സുകിന്ദയിലെ ബന്ദഗോണ്‍ ഗ്രാമത്തിലെ വധുവിന്റെ വീട്ടില്‍ വിരുന്നിനെത്തിയ വരനെയും ബന്ധുക്കളെയും എല്ലാ ആചാരങ്ങളോടെയുമാണ് സ്വീകരിച്ചത്. ഭക്ഷണം വിളമ്പുന്നതിന് മുമ്പ് തന്നെ മട്ടന്‍ കറി വേണമെന്ന് വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. 

മട്ടന്‍ കറി തയ്യാറായിട്ടില്ലെന്ന് അറിയിച്ചതോടെ വരന്റെ വീട്ടുകാര്‍ വധുവിന്റെ ബന്ധുക്കളുമായി തര്‍ക്കിച്ചു. തര്‍ക്കം കൈയ്യാങ്കളിയിലേക്ക് നീങ്ങുന്ന സമയത്താണ് അവിടെയെത്തിയ വരനായ രാമകാന്ത് പത്ര മട്ടന്‍ കറി തയ്യാറാക്കിയിട്ടില്ലെന്ന് അറിഞ്ഞതോടെ ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

വധുവിന്റെ വീട്ടുകാര്‍ തീരുമാനം മാറ്റാന്‍ ശ്രമിച്ചെങ്കിലും വരനും ബന്ധുക്കളും വഴങ്ങിയില്ല. സുകിന്ദയിലെ ബന്ധുവിന്റെ വീട്ടിലേക്ക് പോയ പത്ര ബുധനാഴ്ച രാത്രി തന്നെ മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. അതിന് ശേഷമാണ് കിയോന്‍ജാറിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് വധുവിന്റെ വീട്ടുകാര്‍ പൊലീസിന് പരാതി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.