ഗൂഗിള്‍ ക്രോമിന് അടിയന്തര അപ്ഡേറ്റ്; നിര്‍ബന്ധമായും ചെയ്യുക

ഗൂഗിള്‍ ക്രോം പതിപ്പ് 99.0.4844.84-ലേക്കുള്ള അടിയന്തര അപ്‌ഡേറ്റ് തീര്‍ത്തും അസാധാരണമാണ് എന്ന് പറയേണ്ടി വരും

ഗൂഗിള്‍ ക്രോമിന് അടിയന്തര അപ്ഡേറ്റ്; നിര്‍ബന്ധമായും ചെയ്യുക

സീറോ-ഡേ അപകടസാധ്യത ചൂഷണം ചെയ്യാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ഗൂഗിള്‍ ക്രോം ഉപയോക്താക്കൾക്ക് വേണ്ടി ഗൂഗിള്‍ (Google) ഒരു അടിയന്തര സുരക്ഷാ അപ്‌ഡേറ്റ് പുറത്തുവിട്ടു.

ഗൂഗിള്‍ ക്രോം പതിപ്പ് 99.0.4844.84-ലേക്കുള്ള അടിയന്തര അപ്‌ഡേറ്റ് തീര്‍ത്തും അസാധാരണമാണ് എന്ന് പറയേണ്ടി വരും, കാരണം ഒറ്റ സുരക്ഷ പ്രശ്നം പരിഹരിക്കാനാണ് ഈ അപ്ഡേറ്റ്. അതീവ ഗൗരവമാണ് നിലവിലെ അക്രമണ സാധ്യത എന്ന് തെളിയിക്കുന്നതാണ് ഇത്.

മാർച്ച് 25-ന് പ്രസിദ്ധീകരിച്ച ക്രോമിന്‍റെ അപ്ഡേറ്റ് അറിയിപ്പില്‍  "CVE-2022-1096-എന്ന പ്രശ്നത്തില്‍ നിന്നുള്ള ആക്രമണം ഏതു രീതിയിലും പ്രതീക്ഷിക്കാമെന്ന് ഗൂഗിള്‍ പറയുന്നു. അതിനാൽ എല്ലാ ക്രോം ഉപയോക്താക്കളും അവരുടെ ബ്രൗസറുകൾ അടിയന്തിരമായി പുതിയ അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഗൂഗിള്‍ നിർദ്ദേശിക്കുന്നു.

എന്താണ് CVE-2022-1096 ?

ഈ ഘട്ടത്തിൽ CVE-2022-1096 എന്നതിനെക്കുറിച്ച് "വി 8 ടൈപ്പ് പ്രശ്നം" എന്നതല്ലാതെ കൂടുതൽ വിവരങ്ങള്‍ ലഭ്യമല്ല എന്നതാണ്, വി8 ടൈപ്പ് പ്രശ്നം എന്നത് ഗൂഗിള്‍ക്രോം പ്രവര്‍ത്തിക്കുന്ന ജാവ സ്ക്രിപ്റ്റിനെ ബാധിക്കുന്ന വിഷയമാണ് എന്നത് വ്യക്തമാക്കുന്നുണ്ട്. അതിവേഗം സൈബര്‍ ആക്രമണം നടക്കാവുന്ന ഗൗരവമായ വിഷയങ്ങളില്‍ ചിലപ്പോള്‍ ഇത്തരത്തില്‍ രഹസ്യാത്മകത ഉണ്ടാകാറുണ്ട് സൈബര്‍ ലോകത്ത്. ഗൂഗിള്‍ ക്രോമിന്‍റെ-ന്റെ 3.2 ബില്യൺ ഉപയോക്താക്കളിൽ ഭൂരിഭാഗവും പരിരക്ഷിക്കാൻ അപ്‌ഡേറ്റ് മതിയാകുമെന്നാണ് ഗൂഗിള്‍ പറയുന്നത്. അത് കൊണ്ട് തന്നെ പ്രശ്നത്തിന്‍റെ സാങ്കേതിക വിശദാംശങ്ങൾ അവര്‍ വെളിപ്പെടുത്തില്ല.

ഏറ്റവും പുതിയ വിവര പ്രകാരം മൈക്രോസോഫ്റ്റ് ബ്രൗസറായ എഡ്ജിൽ ഈ അപകടസാധ്യത നിലനിൽക്കുന്നുണ്ടെന്ന് ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ നിന്നും സംരക്ഷണം നല്‍കാന്‍ എഡ്ജും അപ്‌ഡേറ്റ് നല്‍‍കിയിട്ടുണ്ട്. സെറ്റിംഗ്സ് - എബൗട്ട്( Settings-about) എന്നതിലേക്ക് പോയാല്‍ ഈ അപ്ഡേറ്റ് ലഭിക്കും, എഡ്ജ് 99.0.1150.55 അല്ലെങ്കിൽ അതില്‍ ഉയര്‍ന്ന പതിപ്പില്‍ CVE-2022-1096 പ്രശ്‌നം ബാധിക്കാമെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്.