അമ്മയുമായുള്ള ബന്ധം ചോദ്യം ചെയ്തു; യുവാവിനെ കൊലപ്പെടുത്തി മുഖം കത്തിച്ച ആൾദൈവം പിടിയിൽ

അമ്മയുമായുള്ള ബന്ധം ചോദ്യം ചെയ്തു; യുവാവിനെ കൊലപ്പെടുത്തി മുഖം കത്തിച്ച ആൾദൈവം പിടിയിൽ

മീററ്റ്: കാമുകിയുടെ മകനെ കൊലപ്പെടുത്തിയ കേസിൽ സ്വയം പ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ.  ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിൽ രണ്ട് വർഷത്തിലേറെയായി ഒളിവിലായിരുന്ന 60 കാരനായ സുജൻ സിംഗ് എന്നയാളാണ് അറസ്റ്റിലായത്. 32കാരനായ അമർ സിങ്ങിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റിലായത്. യുവാവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി വനത്തിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

അമറിന്റെ ഭാഗികമായി കത്തിക്കരിഞ്ഞ മൃതദേഹം വനത്തിൽനിന്ന് പൊലീസ് കണ്ടെടുക്കുകയായിരുന്നു. അന്വേഷണത്തിൽ, സുജനൊപ്പമാണ് അമറിനെ അവസാനമായി കണ്ടതെന്ന സൂചന ലഭിച്ചു. പൊലീസ് തന്നെ തിരയുന്നതായി മനസ്സിലാക്കിയ പ്രതി ഒളിവിൽ പൊകുകയായിരുന്നു. ബുലന്ദ്ഷഹർ ജില്ലയിലെ സേലംപൂർ പ്രദേശത്തെ ഗ്രാമക്ഷേത്രത്തിൽ നിന്നാണ് ഇയാൾ പിടിയിലായത്. പിടിയിലാകുമ്പോൾ ഇയാളുടെ പക്കൽ നാടൻ തോക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. 

അമ്മയും പ്രതിയും തമ്മിലുള്ള അവിഹിത ബന്ധത്തെ അമർ ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം. അഹമ്മദ്ഗഡിലേക്ക്  അമറിനെ വിളിച്ചുവരുത്തിയാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ശേഷം മുഖം കത്തിക്കുകയും മൃതദേഹം വനത്തിൽ തള്ളുകയും ചെയ്തു. സംഭവത്തിന് ശേഷം ഏകദേശം രണ്ട് വർഷത്തോളം ഒളിവിലായിരുന്നു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പ്രതിയെ പിടികൂടിയതെന്നും പൊലീസ് പറഞ്ഞു.

2016-ൽ ഒരു കൊലപാതക കേസിൽ പുറത്തിറങ്ങിയയാളാണ് സുജൻ സിം​ഗ്. ഇരുവരും വർഷങ്ങളായി പരസ്പരം അറിയാമായിരുന്നുവെന്നും എസ്എസ്പി പറഞ്ഞു. അലിഗഢ്, ബുലന്ദ്ഷഹർ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലായി മൂന്ന് കൊലക്കേസുകൾ ഉൾപ്പെടെ പ്രതിക്കെതിരെ പത്തോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് അയച്ചു. 1994-ൽ ഒരാളെ കൊലപ്പെടുത്തിയ കേസിലാണ് സുജൻ സിംഗ് ആദ്യം ജയിലിലായത്.

പത്ത് വർഷത്തോളം ജയിലിൽ കിടന്നതിന് ശേഷം ജാമ്യത്തിലിറങ്ങിയ പ്രതി 2016 ൽ അലിഗഡിലെ ഹർദുഗഞ്ച് പ്രദേശത്ത് മറ്റൊരാളെ കൊലപ്പെടുത്തിയ കേസിലും പിടിയിലായി. ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് യുവാവിന്റെ അമ്മയുമായി ബന്ധം പുലർത്തിയതെന്നും പൊലീസ് പറഞ്ഞു.