യുഎഇ യാത്രാ വിലക്ക്; ടിക്കറ്റ് ബുക്ക് ചെയ്ത ഇന്ത്യക്കാര്‍ക്ക് അറിയിപ്പുമായി എമിറേറ്റ്‌സ്‌

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

യുഎഇ യാത്രാ വിലക്ക്; ടിക്കറ്റ് ബുക്ക് ചെയ്ത ഇന്ത്യക്കാര്‍ക്ക് അറിയിപ്പുമായി എമിറേറ്റ്‌സ്‌

 അബുദാബി(www.kasaragodtimes.com 01.05.2021): ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ വിലക്ക് 10 ദിവസം കൂടി നീട്ടിയ സാഹചര്യത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് എമിറേറ്റ്‌സ്. ബുക്ക് ചെയ്ത ടിക്കറ്റ് ഇനിയുള്ള യാത്രയ്ക്കായി സൂക്ഷിക്കുകയോ മറ്റൊരു തീയതിയിലേക്ക് വീണ്ടും ബുക്ക് ചെയ്യുകയോ പണം തിരികെ വാങ്ങുകയോ ചെയ്യാമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു. ബുക്ക് ചെയ്ത ദിവസം മുതല്‍ 36 മാസത്തേക്ക് ടിക്കറ്റ് കാലാവധി നീട്ടിക്കിട്ടും.
2021 ഏപ്രില്‍ ഒന്നിന് മുമ്ബ് ബുക്ക് ചെയ്ത, 2021 ഡിസംബര്‍ 31 വരെ യാത്ര നിശ്ചയിച്ചിരിക്കുന്നവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. 2021 ഏപ്രില്‍ ഒന്ന് മുതല്‍ ലഭിച്ച ടിക്കറ്റുകള്‍ക്ക് രണ്ടു വര്‍ഷത്തെ യാത്രാ കാലാവധിയും അനുവദിച്ചിട്ടുണ്ട്.
ഈ കാലയളവിനുള്ളില്‍ യാത്രാ തീയതികള്‍ മാറ്റിയെടുക്കാനോ റീഫണ്ട് ആവശ്യപ്പെടാനോ അവസരമുണ്ട്. അടുത്ത വിമാനത്തിന് വീണ്ടും ബുക്ക് ചെയ്യാനും സാധിക്കും.
2020 സെപ്തംബര്‍ 30നോ അതിന് മുമ്ബോ ബുക്ക് ചെയ്ത, 2021 ഡിസംബര്‍ 31 വരെയോ അതിന് മുമ്ബോ കാലാവധിയുള്ള ടിക്കറ്റുകള്‍ക്കും ബുക്ക് ചെയ്ത ദിവസം മുതല്‍ 36 മാസത്തെ കാലാവധി നീട്ടി നല്‍കുമെന്ന് എമിറേറ്റ്‌സ് അധികൃതര്‍ വിശദമാക്കി. ബുക്ക് ചെയ്ത അതേ ലക്ഷ്യസ്ഥാനത്തേക്കോ ആ മേഖലയ്ക്കുള്ളിലേക്കോ പുറപ്പെടുന്ന ഏത് വിമാനത്തിലും ബുക്ക് ചെയ്ത അതേ ക്ലാസില്‍ 36 മാസത്തിനുള്ളില്‍ ഈ ടിക്കറ്റ് ഉപയോഗിച്ച്‌ യാത്ര ചെയ്യാനാകുമെന്ന് എമിറേറ്റ്സ് വ്യക്തമാക്കി. ഇതിനായി അധിക ഫീസൊന്നും നല്‍കേണ്ടതില്ല.