ആപ്പ്‌സ്റ്റോറില്‍ നിന്ന് പിന്‍വലിക്കുമെന്ന ഭീഷണി; ആപ്പിളിനെതിരെ യുദ്ധം പ്രഖ്യാപിച്ച് മസ്‌ക്

എന്താണ് ഇവിടെ സംഭവിക്കുന്നത് എന്ന് ആപ്പിള്‍ മേധാവി ടിം കുക്കിനോട് ചോദിച്ച മസ്‌ക്, അമേരിക്കയിലെ അഭിപ്രായ സ്വാതന്ത്ര്യത്തെ ആപ്പിള്‍ വെറുക്കുന്നുണ്ടോ എന്നും ചോദിച്ചു.

ആപ്പ്‌സ്റ്റോറില്‍ നിന്ന് പിന്‍വലിക്കുമെന്ന ഭീഷണി; ആപ്പിളിനെതിരെ യുദ്ധം പ്രഖ്യാപിച്ച് മസ്‌ക്

പ്പിളിന്റെ ആപ്പ് സ്റ്റോറിലെ കടുത്ത നിയന്ത്രണങ്ങള്‍ക്കെതിരെ ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌ക്. ആപ്പ് സ്റ്റോറില്‍ നിന്നും ട്വിറ്റര്‍ ആപ്പിനെ മാറ്റി നിര്‍ത്തുമെന്ന് ആപ്പിള്‍ ഭീഷണി മുഴക്കിയതോടെയാണ് ആപ്പിളിനെതിരെ ഇലോണ്‍ മസ്‌ക് രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു മസ്‌കിന്റെ കടന്നാക്രമണം. ട്വിറ്ററില്‍ പരസ്യം നല്‍കുന്നത് ആപ്പിള്‍ നിര്‍ത്തലാക്കിയതും ഇലോണ്‍ മസ്‌കിനെ പ്രകോപിപ്പിച്ചു.

എന്താണ് ഇവിടെ സംഭവിക്കുന്നത് എന്ന് ആപ്പിള്‍ മേധാവി ടിം കുക്കിനോട് ചോദിച്ച മസ്‌ക്, അമേരിക്കയിലെ അഭിപ്രായ സ്വാതന്ത്ര്യത്തെ ആപ്പിള്‍ വെറുക്കുന്നുണ്ടോ എന്നും ചോദിച്ചു.
ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും പ്രാധാന്യം നല്‍കുകയെന്ന പ്രഖ്യാപനത്തോടെ കടുത്ത നിയന്ത്രണങ്ങളാണ് ആപ്പിള്‍ തങ്ങളുടെ ആപ്പ് സ്റ്റോറില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ നിയന്ത്രണങ്ങള്‍ക്കെതിരെ ഏറെ നാളുകളായി വിവിധ ആപ്പ് ഡെവലപ്പര്‍മാര്‍ രംഗത്തുണ്ട്. ഇത് കൂടാതെ ആപ്പ് സ്റ്റോര്‍വഴിയുള്ള പണമിടപാടുകള്‍ക്ക് 30 ശതമാനം ഫീസ് ഈടാക്കുന്നതിനെതിരെയും വലിയ പ്രതിഷേധമുണ്ട്. ഇക്കൂട്ടത്തിലേക്കാണ് ട്വിറ്ററിന്റെ പുതിയ ഉടമസ്ഥനായ ഇലോണ്‍ മസ്‌കിന്റെ കടന്നുവരവ്.

ആപ്പിളിന്റെ മേധാവിത്വത്തിനും നിയന്ത്രണത്തിനുമെതിരെയുള്ള മറ്റ് ചില സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ട്വീറ്റുകളും മസ്‌ക് പങ്കുവെച്ചു. ഉപഭോക്താക്കളെ ബാധിക്കും വിധം സ്വീകരിച്ച എല്ലാ സെന്‍സര്‍ഷിപ്പ് നടപടികളും ആപ്പിള്‍ ഉടന്‍ പ്രസിദ്ധീകരിക്കണം എന്നാവശ്യപ്പെട്ട് ട്വിറ്ററില്‍ ഒരു അഭിപ്രായ വോട്ടെടുപ്പും ഇലോണ്‍ മസ്‌ക് സംഘടിപ്പിച്ചു. 85 ശതമാനത്തിലേറെ പേരാണ് ഇതില്‍ മസ്‌കിനെ അനുകൂലിച്ചത്.

ഇന്ന് നിലവിലുള്ള രണ്ട് മുന്‍നിര ആപ്പ് വിതരണ പ്ലാറ്റ്‌ഫോമുകളാണ് ഗൂഗിള്‍ പ്ലേ സ്റ്റോറും, ആപ്പിള്‍ ആപ്പ് സ്റ്റോറും. അപകടകരവും അധിക്ഷേപകരവുമായ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ഫലപ്രദമായ സംവിധാനങ്ങള്‍ സോഷ്യല്‍ മീഡിയാ ആപ്പുകള്‍ക്ക്‌ ഉണ്ടാവണമെന്ന കര്‍ശന നിയന്ത്രണം ഈ പ്ലാറ്റ്‌ഫോമുകളിലുണ്ട്.

ആപ്പ് സ്റ്റോറില്‍ ട്വിറ്ററിനെതിരെ നടപടി സ്വീകരിക്കേണ്ടതിന്റെ സാഹചര്യം എന്താണെന്ന് വ്യക്തമല്ല. അത്തരം ഒരു പ്രഖ്യാപനം ആപ്പിള്‍ പരസ്യമായി നടത്തിയിട്ടുമില്ല. ട്വിറ്ററില്‍ അടുത്തിടെയുണ്ടായ സംഭവവികാസങ്ങള്‍ ഒരു പക്ഷെ ഇതിന് കാരണമായിട്ടുണ്ടാവാം എന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ട്വിറ്ററിലെ പകുതിയോളം പേരെ കമ്പനി തന്നെ പിരിച്ചുവിടുകയും അതിന് പുറമെ വലിയൊരു വിഭാഗം രാജിവെച്ച് ഒഴിയുകയും ചെയ്തിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് ട്വിറ്ററില്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് തിരികെ കൊണ്ടുവരികയും പണം നല്‍കുന്ന ആര്‍ക്കും വെരിഫിക്കേഷന്‍ ലഭ്യമാക്കിയതുമെല്ലാം ട്വിറ്ററിനെതിരെ വ്യാപകമായ വിമര്‍ശനത്തിനിടയാക്കിയിരുന്നു. വെരിഫിക്കേഷനോടുകൂടിയ വ്യാജ അക്കൗണ്ടുകളും ട്വിറ്ററില്‍ പെരുകി. ഈ പശ്ചാത്തലത്തിലാണ് നൂറോളം മുന്‍നിര പരസ്യദാതാക്കള്‍ ട്വിറ്ററിനെ കയ്യൊഴിഞ്ഞത്.

2022 ലെ ആദ്യ മൂന്ന് മാസങ്ങളില്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പരസ്യം നല്‍കിയ സ്ഥാപനമാണ് ആപ്പിള്‍. 4.8 കോടി ഡോളറാണ് കമ്പനി ചിലവാക്കിയത്. അതുകൊണ്ടു തന്നെ ആപ്പിളിന്റെ പിന്‍മാറ്റം ട്വിറ്ററിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.