ആർത്തവകാലത്ത് വാക്‌സിൻ എടുക്കരുത്, വ്യാജ പ്രചാരണത്തിന്റെ യാഥാർത്ഥ്യം

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ആർത്തവകാലത്ത് വാക്‌സിൻ എടുക്കരുത്, വ്യാജ പ്രചാരണത്തിന്റെ യാഥാർത്ഥ്യം

കോവിഡുമായും കോവിഡിനുള്ള വാക്സിനുമായും ബന്ധപ്പെട്ടുള്ള നിരവധി വ്യാജ വാര്‍ത്തകളാണ് അനുദിനം പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പലതും വാട്‍സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് ഗ്രൂപ്പുകളിലേക്ക് ഒഴുകി കൊണ്ടിരിക്കുകയാണ്. അതില്‍ ഏറ്റവുമവസാനത്തേതാണ് ആര്‍ത്തവദിനത്തോട് അനുബന്ധിച്ച് കോവിഡ് കുത്തിവെപ്പ് എടുക്കാന്‍ പാടില്ല എന്നത്. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മെയ് ഒന്ന് മുതല്‍ കോവിഡ് കുത്തിവെപ്പ് എടുക്കാമെന്ന തീരുമാനം പുറത്തുവന്നത് മുതലാണ് അതുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്. ഇതുവരെ 45 വയസ്സുമുതലുള്ളവര്‍ക്കാണ് കുത്തിവെപ്പ് എടുത്തിരുന്നതെന്നതിനാല്‍ ആര്‍ത്തവം അത്ര ചര്‍ച്ചയായിരുന്നില്ല.
ആര്‍ത്തവത്തിന് അഞ്ചുദിവസം മുമ്പോ അതിന് ശേഷമോ കോവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് തരത്തിലുള്ളതാണ് സന്ദേശങ്ങള്‍. ഈ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രതിരോധ ശേഷി കുറവായിരിക്കുമെന്നും അതുകൊണ്ടുതന്നെ വാക്സിനേഷന്‍ എടുക്കരുതെന്നുമാണ് പ്രചരിക്കുന്നത്. എന്നാല്‍ ഇത് തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് പറയുന്നു ഡോ. ഷിംന അസീസ്. അങ്ങനെയെങ്കില്‍ ആദ്യഘട്ടത്തില്‍ തന്നെ വാക്സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ എല്ലാ പ്രായത്തിലും ഉള്ളവര്‍ ഉണ്ടായിരുന്നല്ലോ. അന്ന് പ്രതിരോധ ശേഷി കുറഞ്ഞ് എന്തെങ്കിലും പ്രശ്നമുണ്ടാകുമായിരുന്നെങ്കില്‍ അവരെ ബാധിക്കേണ്ടതല്ലേ എന്നും ഷിംന ചോദിക്കുന്നു.

Dr Shimna Azeez

ഡോ. ഷിംന അസീസിന്‍റെ കുറിപ്പ്:

പിരീഡ്‌സിന്‌ അഞ്ച്‌ ദിവസം മുൻപോ ശേഷമോ കോവിഡ്‌ വാക്‌സിനേഷൻ എടുക്കരുതെന്ന്‌ പുതിയ 'വാട്ട്‌സ്ആപ്പ് സർവ്വകലാശാല പഠനങ്ങൾ' സൂചിപ്പിക്കുന്നത്. ആ ദിവസങ്ങളിൽ സ്‌ത്രീകൾക്ക്‌ പ്രതിരോധശേഷി കുറവായിരിക്കുമത്രേ. കൊള്ളാല്ലോ കളി ! പതിനെട്ട്‌ വയസ്സ്‌ മുതൽ 45 വയസ്സ്‌ വരെയുള്ളവരെക്കൂടി മെയ്‌ ഒന്ന്‌ മുതൽ വാക്‌സിനേഷൻ ഗുണഭോക്‌താക്കളായി സർക്കാർ പ്രഖ്യാപിച്ചതിന്‌ പിന്നാലെയാണ്‌ ഈ ഐറ്റം റിലീസായിരിക്കുന്നത്‌.

അപ്പോൾ ഇത്‌ സത്യമല്ലേ?
സത്യമല്ല.

ഒന്നോർത്ത്‌ നോക്കൂ, ആദ്യഘട്ടത്തിൽ വാക്‌സിനേഷൻ ലഭിച്ചത്‌ ആരോഗ്യപ്രവർത്തകർക്കാണ്‌. അവരിൽ എല്ലാ പ്രായത്തിലുമുള്ള ആണും പെണ്ണും ഉണ്ടായിരുന്നു. തീർച്ചയായും ആർത്തവമുള്ള സ്‌ത്രീകളും അവരിൽ ഉൾപ്പെടുന്നു. ആർത്തവം കൊണ്ട്‌ പ്രതിരോധശേഷി കുറഞ്ഞിരുന്നെങ്കിൽ അന്ന്‌ വാക്‌സിനേഷൻ കൊണ്ട്‌ ഏറ്റവും വലിയ രീതിയിൽ ജീവന്‌ ഭീഷണി നേരിട്ടിരിക്കുക ഈ ആരോഗ്യപ്രവർത്തകകൾ ആണ്‌, തൊട്ട്‌ പിറകേ വാക്‌സിനേഷൻ ലഭിച്ച മുൻനിരപോരാളികളാണ്‌.

രോഗാണുവുമായി നേരിട്ടുള്ള സമ്പർക്കം അത്ര മേൽ വരാത്ത സാധാരണക്കാരെ മാസത്തിൽ ചുരുങ്ങിയത്‌ പതിനഞ്ച്‌ ദിവസം വാക്‌സിനേഷനിൽ നിന്ന്‌ അകറ്റി നിർത്തുകയെന്നത്‌ മാത്രമാണ്‌ ഈ മെസേജിന്റെ ഉദ്ദേശ്യം. സോറി, ദുരുദ്ദേശം.

കിംവദന്തികളിൽ വഞ്ചിതരാകാതിരിക്കുക. വാക്‌സിനേഷനും നിങ്ങളുടെ ആർത്തവതിയ്യതികളുമായി യാതൊരു ബന്ധവുമില്ല. യഥാസമയം കോവിഡ്‌ വാക്‌സിൻ സ്വീകരിക്കുക, മാസ്‌ക്‌ കൃത്യമായി ധരിക്കുക, ശാരീരിക അകലം പാലിക്കുക, കൈകൾ കൂടെക്കൂടെ വൃത്തിയാക്കുക.

അടിസ്‌ഥാനമില്ലാത്ത സോഷ്യൽ മീഡിയ കുപ്രചരണങ്ങളോടും കൂടി പ്രതിരോധം തേടുക.

Dr. Shimna Azeez