ഡല്‍ഹി ജമാ മസ്ജിദില്‍ സ്ത്രീ പ്രവേശനത്തിന് നിയന്ത്രണം; ആരാധനക്കെത്തുന്നവരെ വിലക്കില്ലെന്ന് വിശദീകരണം
മസ്ജിദിന്റെ മൂന്ന് പ്രധാന പ്രവേശനകവാടങ്ങളില്‍ നോട്ടീസ് പ്രത്യക്ഷപ്പെട്ടതോടെയാണ് വന്‍തോതില്‍ പ്രതിഷേധമുയര്‍ന്നത്

ന്യൂഡല്‍ഹി: ഡല്‍ഹി ജമാ മസ്ജിദില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം വിവാദമായി. ഒറ്റയ്‌ക്കോ സംഘമായോ എത്തുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കില്ലെന്ന് മസ്ജിദിന്റെ മൂന്ന് പ്രധാന പ്രവേശനകവാടങ്ങളില്‍ നോട്ടീസ് പ്രത്യക്ഷപ്പെട്ടതോടെയാണ് വന്‍തോതില്‍ പ്രതിഷേധമുയര്‍ന്നത്. ഇതേത്തുടർന്ന് പ്രാര്‍ഥനക്കെത്തുന്നവര്‍ക്ക് വിലക്ക് ബാധകമല്ലെന്ന വിശദീകരണവുമായി ഷാഹി ഇമാം അഹമ്മദ് ബുഖാരി രംഗത്തെത്തി.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് തീയതി രേഖപ്പെടുത്താതെയുള്ള നോട്ടീസ് പ്രത്യക്ഷപ്പെട്ടതെന്ന് പിടിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ചില പ്രത്യേക 'സംഭവങ്ങളുടെ' പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനത്തിന് മസ്ജിദിന്റെ ഭരണസമിതി മുതിര്‍ന്നതെന്ന് ഇമാം വ്യക്തമാക്കി. ആരാധനയ്ക്കുള്ള സ്ഥലമാണ് മസ്ജിദെന്നും എന്നാല്‍ പ്രാര്‍ഥനക്കുപരിയായ കാര്യങ്ങള്‍ക്കായി പെണ്‍കുട്ടികളും സ്ത്രീകളും എത്തുന്നത് അനുവദിക്കാനാവില്ലെന്നും അതിനാലാണ് വിലക്കേര്‍പ്പെടുത്തിയതെന്നും ഇമാം വിശദീകരിച്ചു.
''പള്ളിയോ അമ്പലമോ ഗുരുദ്വാരയോ ആകട്ടെ അത് ആരാധനയ്ക്കുള്ള ഇടമാണ്. ആരാധനക്കായി എത്തുന്നവര്‍ക്ക് ഒരു തരത്തിലുള്ള വിലക്കുമില്ല. ഇന്ന് പ്രാര്‍ഥനക്കായി ഇവിടെയെത്തിയ യുവതികളുടെ സംഘത്തിന് പ്രവേശനം അനുവദിച്ചിരുന്നു'', ഇമാം പ്രതികരിച്ചു.
സ്ത്രീകളുടെ അവകാശത്തിന് എതിരാണ് മസ്ജിദിന്റെ നടപടിയെന്ന് ഡല്‍ഹി വനിതാ കമ്മിഷന്‍ പറഞ്ഞു. ജമാ മസ്ജിദില്‍ സ്ത്രീപ്രവേശനം നിരോധിച്ചത് തെറ്റാണെന്നും ആരാധന നടത്താന്‍ പുരുഷനുള്ള അവകാശം സ്ത്രീക്കുമുണ്ടെന്നും കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ ഇമാമിന് നോട്ടീസയക്കുമെന്നും അവര്‍ വ്യക്തമാക്കി. സ്ത്രീകളുടെ പ്രവേശനം ഇത്തരത്തില്‍ തടയാന്‍ ആര്‍ക്കും അധികാരമില്ലെന്നും അവര്‍ പറഞ്ഞു.