ശ്രദ്ധയെ കൊന്നത് പെട്ടെന്നുണ്ടായ ക്ഷോഭത്തിലെന്ന് അഫ്താബ്; കേസ് സിബിഐക്കു വിടണമെന്ന ഹര്‍ജി തള്ളി

നാലുദിവസത്തേക്കു കൂടി കോടതി അഫ്താബിന്റെ കസ്റ്റഡി നീട്ടിയിട്ടുണ്ട്.

ശ്രദ്ധയെ കൊന്നത് പെട്ടെന്നുണ്ടായ ക്ഷോഭത്തിലെന്ന് അഫ്താബ്; കേസ് സിബിഐക്കു വിടണമെന്ന ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: ശ്രദ്ധ വാല്‍ക്കര്‍ കൊലക്കേസിന്റെ അന്വേഷണം ഡല്‍ഹി പോലീസില്‍നിന്ന് സി.ബി.ഐയ്ക്കു കൈമാറണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. അന്വേഷണം നടക്കുന്ന ഇടങ്ങളിലെ മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും സാന്നിധ്യം തെളിവെടുപ്പിനെ ബാധിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

ഹര്‍ജി പ്രശസ്തി ആഗ്രഹിച്ചുള്ളതാണെന്ന് കോടതി വിമര്‍ശിക്കുകയും ചെയ്തു. കേസില്‍ ഡല്‍ഹി പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും അതില്‍ മേല്‍നോട്ടം നടത്തില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, അന്വേഷണം എണ്‍പതു ശതമാനത്തോളം പൂര്‍ത്തിയായതായി ഡല്‍ഹി പോലീസ് ഹൈക്കോടതിയെ അറിയിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് അന്വേഷണം കൈകാര്യം ചെയ്യുന്നതെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി.

അതിനിടെ അഞ്ചുദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍ കേസിലെ പ്രതി അഫ്താബ് പൂനാവാലയെ ചൊവ്വാഴ്ച വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരം സാകേതിലെ കോടതിയില്‍ ഹാജരാക്കി. നാലുദിവസത്തേക്കു കൂടി കോടതി അഫ്താബിന്റെ കസ്റ്റഡി നീട്ടിയിട്ടുണ്ട്.

വാദത്തിനിടെ ശ്രദ്ധയെ കൊലപ്പെടുത്തിയ കാര്യം അഫ്താബ് സമ്മതിച്ചു. ശ്രദ്ധയെ കരുതിക്കൂട്ടി കൊലപ്പെടുത്തിയതല്ലെന്നും, എന്തൊക്കെ സംഭവിച്ചുവോ അതെല്ലാം പെട്ടെന്നുണ്ടായ ക്ഷോഭത്തിന്റെ പുറത്തുണ്ടായതാണെന്നും അഫ്താബിന്റെ അഭിഭാഷകന്‍ പറഞ്ഞു. തന്റെ കക്ഷി പോലീസിനോടു പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.