എക്‌സ്‌പോ സന്ദര്‍ശകര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധം; അല്ലെങ്കില്‍ പിസിആര്‍ പരിശോധന വേണം

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

എക്‌സ്‌പോ സന്ദര്‍ശകര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധം; അല്ലെങ്കില്‍ പിസിആര്‍ പരിശോധന വേണം

ദുബൈ: അടുത്തമാസം മുതല്‍ ദുബൈയില്‍ ആരംഭിക്കാനിരിക്കുന്ന എക്സ്പോ 2020ലെ സന്ദര്‍ശകര്‍ക്ക് കൊവിഡ് വാക്സിനേഷന്‍ നിര്‍ബന്ധം. അല്ലെങ്കില്‍ പി.സി.ആര്‍ പരിശോധന നടത്തി കൊവിഡ് ഇല്ലെന്ന് ഉറപ്പാക്കണം. ബുധനാഴ്‍ചയാണ് എക്സ്പോയുടെ കൊവിഡ് സുരക്ഷാ പ്രോട്ടോകോളുകള്‍ അധികൃതര്‍ വെളിപ്പെടുത്തിയത്.

സന്ദര്‍ശകര്‍ അവരവരുടെ രാജ്യത്ത് അംഗീകാരമുള്ള വാക്സിനുകള്‍ എടുത്താല്‍ മതിയാവും. അല്ലെങ്കില്‍ 72 മണിക്കൂറിനിടെയുള്ള പിസിആര്‍ പരിശോധനാ ഫലം ഹാജരാക്കണം. 18 വയസിന് മുകളിലുള്ളവര്‍ക്കാണ് ഈ നിബന്ധനകള്‍ ബാധകം. 

വാക്സിനെടുക്കാത്തവര്‍ക്ക് എക്സ്പോ വേദിക്ക് സമീപത്ത് തന്നെ കൊവിഡ് പി.സി.ആര്‍ പരിശോധന നടത്താനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ദുബൈയില്‍ വിവിധയിടങ്ങളിലും എക്സ്പോ സന്ദര്‍ശകര്‍ക്കായി പരിശോധനാ കേന്ദ്രങ്ങള്‍ നിജപ്പെടുത്തും. ഈ പരിശോധനാ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ എക്സ്പോ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിക്കും. എക്സപോ സന്ദര്‍ശിക്കാനുള്ള ഏതെങ്കിലുമൊരു ടിക്കറ്റുള്ളവര്‍ക്ക് പരിശോധന സൗജന്യമായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

എക്സ്പോയുടെ സംഘാടകരും വളന്റിയര്‍മാരും ഉള്‍പ്പെടയുള്ള എല്ലാ ജീവനക്കാര്‍ക്കും വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിന് പുറമെ അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ സജ്ജീകരിക്കും. എല്ലായിടങ്ങളിലും മാസ്ക് നിര്‍ബന്ധമാണ്. ഒപ്പം രണ്ട് മീറ്റര്‍ സാമൂഹിക അകലം എല്ലാ സ്ഥലങ്ങളിലും പാലിക്കണമെന്നും നിഷ്‍കര്‍ശിച്ചിട്ടുണ്ട്. ഒക്ടോബര്‍ ഒന്നിന് ആരംഭിക്കാനിരിക്കുന്ന എക്സ്പോ 2020 മാര്‍ച്ച് 31നായിരിക്കും സമാപിക്കുക.