കര്‍ണ്ണാടക അതിര്‍ത്തികളില്‍ കര്‍ശന കൊവിഡ് പരിശോധന; ഇളവുണ്ടാകില്ല

കര്‍ണ്ണാടക അതിര്‍ത്തികളില്‍ കര്‍ശന കൊവിഡ് പരിശോധന; ഇളവുണ്ടാകില്ല

കല്‍പ്പറ്റ: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ കര്‍ശന പരിശോധനക്കൊരുങ്ങി കര്‍ണാടക. കേരളത്തില്‍ നിന്ന് കര്‍ണാടകത്തിലേക്ക് പോകുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനും ഇത് സംബന്ധിച്ച പരിശോധന കര്‍ശനമാക്കാനുമാണ് കര്‍ണാടക സര്‍ക്കാരിന്‍റെ തീരുമാനം. ബാവലി, കുട്ട ചെക്‌പോസ്റ്റുകളില്‍ കഴിഞ്ഞ ദിവസം തന്നെ പരിശോധന തുടങ്ങിയിരുന്നെങ്കിലും അത്യാവശ്യകാര്യങ്ങള്‍ക്ക് ഇളവുകള്‍ നല്‍കിയിരുന്നു.

എന്നാല്‍, വരുംദിവസങ്ങളില്‍ ബസ് യാത്രക്കാര്‍ക്ക് ഒഴികെ സ്വകാര്യ, ചരക്ക് വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കാര്‍ക്കും ഇളവ് നല്‍കില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്.ശനിയാഴ്ച മുതല്‍ അതിര്‍ത്തികളിലെത്തിയ കേരളയാത്രക്കാരോട് 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി പരിശോധന ഫലം ഹജരാക്കാനാണ് ആവശ്യപ്പെട്ടത്. ആന്‍റിജന്‍ പരിശോധനാ റിപ്പോര്‍ട്ട് കര്‍ണ്ണാടകം അംഗീകരിക്കുന്നില്ല. കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപനത്തിന്‍റെ തുടക്കത്തില്‍ കര്‍ണ്ണാടക കേരളത്തില്‍ നിന്നുള്ള അതിര്‍ത്തി റോഡുകളില്‍ മണ്ണിട്ട് വഴി തടഞ്ഞത് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

കര്‍ണാടകയുടെ ആരോഗ്യ, റവന്യൂ, പൊലീസ് വകുപ്പുകള്‍ സംയുക്തമായിട്ടാണ് പരിശോധന. ചരക്കുവാഹനങ്ങള്‍ അടക്കമുള്ളവ തടഞ്ഞിട്ട് പരിശോധിച്ചതോടെ അതിര്‍ത്തിയില്‍ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. പ്രശ്‌നം രൂക്ഷമായതോടെ തിരുനെല്ലി പൊലീസ് എത്തി കര്‍ണാടക ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഇതിനെ തുടര്‍ന്ന് അത്യാവശ്യക്കാര്യങ്ങള്‍ക്കായി പോയിരുന്ന യാത്രക്കാരെയും ചരക്കുവാഹനങ്ങളെയും കടത്തിവിട്ടു. വരും ദിവസങ്ങളില്‍ ഇത്തരത്തില്‍ ഇളവുകളുണ്ടാകില്ലെന്നും പരിശോധനാ ഫലമില്ലാത്തവരെ കടത്തിവിടില്ലെന്നും കര്‍ണാടക അധികൃതര്‍ വ്യക്തമാക്കി.

അതേ സമയം ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലം ലഭിക്കാന്‍ കാലതാമസം നേരിടുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകും. ഫലം കിട്ടണമെങ്കില്‍ ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലും എടുക്കുമെന്നതാണ് അവസ്ഥ. ഇക്കാരണം കൊണ്ട് തന്നെ അടിയന്തിര ആവശ്യങ്ങള്‍ക്ക് കര്‍ണാടകയിലേക്ക് പോകുന്നവര്‍ മറ്റുവഴികള്‍ തേടേണ്ടിവരും. കര്‍ണാടക സര്‍ക്കാരിന്‍റെ കര്‍ശന തീരുമാനത്തിനെതിരെ വ്യാപാരികള്‍ രംഗത്തെത്തി. പരിശോധന കര്‍ശനമാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നൗഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു.