കോവിഡ് വ്യാപനം; ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്ക

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കോവിഡ് വ്യാപനം; ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്ക

(www.kasaragodtimes.com 01.05.2021) കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തി. ചൊവ്വാഴ്ച പ്രാബല്യത്തില്‍ വരുന്ന യാത്രാവിലക്ക് താല്ക്കാലിക വിസയിലുള്ള വിദേശപൗരന്മാര്‍ക്കാകും ബാധകമാകുകയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.
അമേരിക്കന്‍ പൗരന്മാര്‍ക്കും ​ഗ്രീന്‍ കാര്‍ഡ് ഉള്ളവര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും യാത്രാവിലക്ക് ബാധകമാകില്ല. താല്ക്കാലിക വിസയിലുള്ള വിദേശ പൗരന്മാര്‍ 14 ദിവസത്തിലധികം ഇന്ത്യയില്‍ തങ്ങിയാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ കഴിയില്ല. അടിയന്തര സാഹചര്യങ്ങളില്‍ പ്രത്യേക ഇളവുകള്‍ അനുവദിച്ചേക്കും.
എയര്‍ലൈനുകളെ പുതിയ തീരുമാനം അറിയിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. യാത്രാവിലക്ക് ബാധകമല്ലാത്തവര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കണമെങ്കില്‍ കൊവിഡ് നെ​ഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
ഇന്ത്യയിലെ സാഹചര്യത്തില്‍ വലിയ ആശങ്കയുണ്ടെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു. പൊതുജനാരോ​ഗ്യം കണക്കിലെടുത്താണ് യാത്രാവിലക്ക് പ്രഖ്യാപിച്ചത്. ഇന്ത്യ അമേരിക്കയുടെ നിര്‍ണായക സഖ്യകക്ഷിയാണ്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധി നേരിടാന്‍ അമേരിക്ക ഇന്ത്യക്ക് ഒപ്പമുണ്ടാകുമെന്നും കമല ഹാരിസ് വ്യക്തമാക്കി.
അതേസമയം, ഇന്ത്യയില്‍ നിന്നുള്ള നഴ്സിം​ഗ് റിക്രൂട്ട്മെന്റുകള്‍ക്ക് ബ്രിട്ടന്‍ താല്ക്കാലിക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നൂറുകണക്കിന് മലയാളി നഴ്സുമാരുടെ യാത്ര ഇതോടെ അനിശ്ചിതത്വത്തിലായി.