ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ കോണ്‍ഗ്രസ്​ എം.പിമാര്‍ ലോക്സ​ഭ സെക്രട്ടറി ജനറലിന് അവകാശലംഘന നോട്ടീസ് നല്‍കി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ കോണ്‍ഗ്രസ്​ എം.പിമാര്‍ ലോക്സ​ഭ സെക്രട്ടറി ജനറലിന് അവകാശലംഘന നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി: ഭരണകൂട ഭീകരത പഠിക്കുന്നതിനായി ലക്ഷദ്വീപ്​ സന്ദര്‍ശനത്തിനൊരുങ്ങിയ കോണ്‍ഗ്രസ് എം.പിമാര്‍ക്ക്​ യാത്രാനുമതി നിഷേധിച്ച ദ്വീപ് അഡ്മിനിസ്ട്രേഷന്‍ നടപടിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. ബെന്നി ബെഹനാന്‍, ടി.എന്‍. പ്രതാപന്‍, ഹൈബി ഈഡന്‍ എന്നിവരാണ് ലോക്സ​ഭ സെക്രട്ടറി ജനറലിന് അവകാശ ലംഘനത്തിനുള്ള നോട്ടീസ് നല്‍കിയത്. മേയ്​ 28 മുതല്‍ നിരവധി തവണ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍, അഡ്മിനിട്രേറ്ററുടെ ഉപദേഷ്​ടാവ്, കൊച്ചിയിലുള്ള ലക്ഷദ്വീപ് റീജനല്‍ അഡ്മിനിസ്ട്രേറ്റര്‍, ലക്ഷദ്വീപ് ജില്ല കലക്ടര്‍ തുടങ്ങിയവരെ​ ഫോണിലും ഇ-മെയിലിലും ബന്ധപ്പെ​ട്ടെങ്കിലും യാത്രക്ക് അനുമതി നല്‍കാന്‍ അധികൃതര്‍ തയാറായില്ലെന്ന്​ നോട്ടീസില്‍ ചൂണ്ടിക്കാട്ടി.

പിന്നീട് കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിന്‍ ഓഫിസര്‍ അങ്കിത് അഗര്‍വാളിനെ നേരില്‍ കണ്ട് എം.പിമാര്‍ യാത്രാനുമതി തേടിയിരുന്നു. കോവിഡ് പ്രോട്ടോകോള്‍ ചൂണ്ടിക്കാട്ടി പെട്ടെന്ന് യാത്രക്ക് അനുമതി നല്‍കാനാവില്ലെന്ന് അഡ്മിന്‍ ഓഫിസര്‍ വിശദീകരിച്ചു. എന്നാല്‍, കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയായ എം.പിമാരെ തടയുന്നത് ന്യായീകരിക്കാനാവില്ല എന്ന് എം.പിമാര്‍ ചൂണ്ടിക്കാണിച്ചു. രാജ്യത്തെവിടെയും യാത്ര ചെയ്യാനും സഹ പൗരന്മാരെ കാണാനും സംസാരിക്കാനുമുള്ള പാര്‍ലമെന്‍റ്​ അംഗങ്ങളുടെ അവകാശം അനുവദിച്ചു തന്നില്ലെന്നും നോട്ടീസില്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇടത്​ എം.പിമാരു​ം അവകാശ ലംഘന നോട്ടീസ്​ നല്‍കിയിരുന്നു.