ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു

തൃശൂര്‍ ;(www.kasaragodtimes.com 27.04.2021) മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരി സുമംഗല എന്ന ലീലാ നമ്ബൂതിരിപ്പാട് അന്തരിച്ചു. 87 വയസ്സായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ആറേമുക്കാലോടെ തൃശൂര്‍ അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രത്തിന് സമീപം മകന്‍ അഷ്ടമൂര്‍ത്തിയുടെ വസതിയിലാണ് അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. സംസ്കാരം ബുധനാഴ്ച പകല്‍ 11ന് പാറമേക്കാവ് ശാന്തിഘട്ടില്‍. ദേശമംഗലത്തു മനയില്‍ പരേതനായ ഡി എ നമ്ബൂതിരിപ്പാടാണ് ഭര്‍ത്താവ്.

പാലക്കാട് വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ കവി ഒ എം സി നാരായണന്‍ നമ്ബൂതിരിപ്പാടിന്റെയും ഉമ അന്തര്‍ജനത്തിന്റെയും മകളായി 1934 മെയ് 16നാണ് ജനനം. കേരള കലാമണ്ഡലത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിന്റെ മേധാവിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചെറുകഥകള്‍ക്കും നോവലുകള്‍ക്കും പുറമെ കുട്ടികള്‍ക്കുവേണ്ടി ഒട്ടേറെ കഥകളും ലഘുനോവലുകളും രചിച്ചിട്ടുണ്ട്. പഞ്ചതന്ത്രം (പുനരാഖ്യാനം), തത്ത പറഞ്ഞ കഥകള്‍, കുറിഞ്ഞിയും കൂട്ടുകാരും, നെയ്പായസം, തങ്കക്കിങ്ങിണി, മഞ്ചാടിക്കുരു, മിഠായിപ്പൊതി, കുടമണികള്‍, മുത്തുസഞ്ചി, നടന്നു തീരാത്ത വഴികള്‍ എന്നിവയാണ് പ്രധാന ബാലസാഹിത്യകൃതികള്‍. രണ്ടു ഭാഗങ്ങളായി പച്ചമലയാളം നിഘണ്ടുവും രചിച്ചു. കലാമണ്ഡലത്തിന്റെ ചരിത്രവും എഴുതിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമവകുപ്പ് അവാര്‍ഡ്, സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള ശ്രീപത്മനാഭസ്വാമി അവാര്‍ഡ്, ബാലസാഹിത്യത്തിനുള്ള 2010ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം, 2013ല്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം, പത്മ അവാര്‍ഡ്, പൂന്താനം- ജ്ഞാനപ്പാന പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ആശ്ചര്യചൂഡാമണി കൂടിയാട്ടത്തിന്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

ഒറ്റപ്പാലം ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം. 1948ല്‍ പത്താം ക്ലാസ് പാസായെങ്കിലും പ്രായം തികയാതിരുന്നതിനാല്‍ കോളേജില്‍ പഠിക്കാന്‍ സാധിച്ചില്ല. അച്ഛന്റെ കീഴില്‍ സംസ്കൃതവും ഇംഗ്ലീഷും പഠിച്ചു. പതിനഞ്ചാംവയസ്സിലാണ് വിവാഹിതയാകുന്നത്.

മക്കള്‍: ഡോ. ഉഷ നീലകണ്ഠന്‍, നാരായണന്‍, അഷ്ടമൂര്‍ത്തി. മരുമക്കള്‍: ഡോ. നീലകണ്ഠന്‍ (കാര്‍ഡിയോ സര്‍ജന്‍ ജൂബിലി മിഷന്‍ ആശുപത്രി, തൃശൂര്‍), ഉഷ (റിട്ട. വൈദ്യരത്നം), ഗൗരി ( പോസ്റ്റല്‍ വകുപ്പ്). സഹോദരങ്ങള്‍: ഊര്‍മിള, രമണി, ദേവി, സാവിത്രി, ഗൗരി, സതി, നാരായണന്‍,പരേതരായ ഡോ. ഒ എന്‍ വാസുദേവന്‍,ഒ എന്‍ ദാമോദരന്‍.