മുഖ്യമന്ത്രിസ്ഥാനം ഒഴിയാൻ യെദ്യൂരപ്പയോട് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടെന്ന് സൂചന

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മുഖ്യമന്ത്രിസ്ഥാനം ഒഴിയാൻ യെദ്യൂരപ്പയോട് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടെന്ന് സൂചന

ബെംഗളൂരു: കര്‍ണാടകയിലെ നേതൃമാറ്റം സംബന്ധിച്ച്‌ ബിജെപി നേതൃത്വം തീരുമാനമെടുത്തതായി സൂചന. ഡല്‍ഹിയിലുള്ള ഉന്നത ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ടുചെയ്തതാണ് ഇക്കാര്യം.അതെ സമയം നേതൃമാറ്റം ഉണ്ടാകില്ലെന്നാണ് കര്‍ണാടക ഘടകത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് അരുണ്‍ സിങ് വ്യാഴാഴ്ച പ്രതികരിച്ചത് .

യെദ്യൂരപ്പ മികവ് തെളിയിച്ചയാളാണെന്നും അദ്ദേഹം കാലാവധി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാമാരിക്കാലത്ത് മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവച്ചതെന്നും ഒപ്പം അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങളും എംഎല്‍എമാരും മികച്ച പ്രകടനം കാഴ്ച വെച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അടുത്തയാഴ്ച ബെംഗളൂരുവില്‍ എത്തി അസംതൃപ്തരായ നേതാക്കളുമായി സംസാരിച്ച്‌ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെയാണ് നേതൃമാറ്റം സംബന്ധിച്ച തീരുമാനം കേന്ദ്ര നേതൃത്വം കൈക്കൊണ്ടുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

അസംതൃപ്തരായ ഒരുകൂട്ടം നേതാക്കള്‍ യെദ്യൂരപ്പയുടെ പ്രവര്‍ത്തന ശൈലിയെപ്പറ്റി കേന്ദ്ര നേതൃത്വത്തോട് നിരന്തരം പരാതിപ്പെട്ട പശ്ചാത്തലത്തിലാണ് ഇതെന്ന് മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നു. അരുണ്‍സിങ് ബെംഗളൂരുവില്‍ എത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയാലും കര്‍ണാടകയിലെ പ്രശ്‌നങ്ങള്‍ പരിഹാരമാകില്ല എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍ .

“ബെംഗളൂരുവിലെത്തി ബിജെപി നേതാക്കളുമായി സംസാരിച്ച്‌ റിപ്പോര്‍ട്ട് തയ്യാറാക്കി ഡല്‍ഹിക്ക് മടങ്ങാനെ അരുണ്‍ സിങ്ങിന് കഴിയൂ. കര്‍ണാടകയിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടാവും അദ്ദേഹം നല്‍കുക. എന്നാല്‍ കര്‍ണാടകയിലെ അസംതൃപ്തരായ നേതാക്കള്‍ വീണ്ടും പ്രശ്‌നങ്ങളുണ്ടാക്കുമെന്നും അനിശ്ചിതത്വം തുടരുമെന്നുമാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ പുതിയ നേതാവിനുെ കണ്ടെത്തുക എന്നതും കേന്ദ്ര നേതൃത്വത്തിന് കടുത്ത വെല്ലുവിളിയാകും. കര്‍ണാടകത്തില്‍ നേതൃപാടവമുള്ള മറ്റൊരു നേതാവില്ല എന്നാണ് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നതെന്നും ദേശീയ മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതെ സമയം യെദ്യൂരപ്പയ്‌ക്കെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം തുടങ്ങിയിട്ട് മാസങ്ങളായി. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് യെദ്യൂരപ്പയെ മാറ്റണമെന്നാണ് ബിജെപിയിലെ ഒരു വിഭാഗം എംഎല്‍എമാരും മന്ത്രിമാരും ആവശ്യപ്പെടുന്നത്. അതിനിടെയാണ് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് പറഞ്ഞ് യെദ്യൂരപ്പ കഴിഞ്ഞയാഴ്ച രംഗത്തെത്തിയത് . ടൂറിസം മന്ത്രി സി.പി യോഗേശ്വര്‍ അടക്കമുള്ളവര്‍ അടുത്തിടെ കേന്ദ്ര നേതൃത്വത്തെ കണ്ടതോടെയാണ് ഒരു വിഭാഗം നേതാക്കള്‍ യെദ്യൂരപ്പയെ മാറ്റാന്‍ നീക്കം നടത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.