കടല്‍ക്കൊലക്കേസ് അവസാനിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍; സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കടല്‍ക്കൊലക്കേസ് അവസാനിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍; സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി(www.kasaragodtimes.com 07.04.2021): കടല്‍ക്കൊല കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് എതിരായ കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്നു കേന്ദ്രസര്‍ക്കാര്‍. ആവശ്യം അടിയന്തിരമായി പരിഗണിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയതിനാല്‍ കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയോട് അഭ്യര്‍ഥിച്ചു.

എന്നാല്‍ കേന്ദ്രത്തിന്റെ ആവശ്യം അടുത്ത ആഴ്ച പരിഗണിക്കാമെന്നാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്.

രാജ്യാന്തര ട്രിബ്യുണലിന്റെ തീര്‍പ്പിന്റെ പശ്ചാത്തലത്തില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കടല്‍ക്കൊല കേസിന്റെ നടപടികള്‍ അവസാനിപ്പിക്കണം എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം.

ട്രിബ്യുണല്‍ നിര്‍ദേശിച്ച നഷ്ടപരിഹാരം കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് കൈമാറി എന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ആവശ്യത്തെ എതിര്‍ക്കാന്‍ ആയിരുന്നു നേരത്തെ കേരള സര്‍ക്കാരിന്റെ തീരുമാനം.

കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ചവരില്‍ മലയാളികള്‍ ഉള്ളതിനാല്‍ കേരളത്തിന്റെ നിലപാട് സുപ്രീം കോടതി കേള്‍ക്കണം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. ഈ നിലപാടില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറച്ച്‌ നില്‍ക്കും എന്നാണ് സൂചന.

സെന്റ് ആന്റണീസ് ബോട്ടില്‍ ഉണ്ടായിരുന്ന എട്ട് മത്സ്യത്തൊഴിലാളികളും, ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ച അജേഷ് പിങ്കിയുടെ ബന്ധുവും, ബോട്ടില്‍ ഉണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത മത്സ്യത്തൊഴിലാളി പ്രിജിന്റെ അമ്മയും ത്നങ്ങളുടെ വാദം കേള്‍ക്കാതെ കേസിലെ നടപടികള്‍ അവസാനപ്പിക്കരുത് എന്ന് ആവശ്യപ്പെട്ട് നേരത്തെ കോടതിയെ സമീപിച്ചിരുന്നു.

നിലപാടില്‍ മത്സ്യത്തൊഴിലാളികള്‍ ഉറച്ച്‌ നിന്നാല്‍ കേസുമായി ബന്ധപ്പെട്ട് വിശദമായ വാദം കേള്‍ക്കല്‍ കോടതിയില്‍ നടക്കും.