വിവാഹത്തിന് പണം കണ്ടെത്താനായി പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

വിവാഹത്തിന് പണം കണ്ടെത്താനായി പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ബംഗളുരു: പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ടി.വി മെക്കാനിക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതപ്പെടുത്തി പൊലീസ്. ബംഗളുരു നഗരത്തിന്‍റെ പ്രാന്തപ്രദേശമായ ഹെബ്ബഗോഡിയിലാണ് ദാരുണമായ സംഭവം നടന്നത്. ടി.വി.മെക്കാനിക്കിന്‍റെ രണ്ട് കൂട്ടാളികളെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും മുഖ്യപ്രതിയായ മുഹമ്മദ് ജാവേദ് ഷെയ്ഖിനെ പൊലീസിന് ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

മുഹമ്മദ് ആസിഫ് ആലം എന്ന പത്ത് വയസുകാരനാണ് കൊല ചെയ്യപ്പെട്ടത്. വൈകീട്ട് വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ജാവേദ് ഷെയ്ഖ് കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പത്ത് മണിയോടെ കുട്ടിയുടെ പിതാവിനെ വിളിച്ച്‌ പ്രതി 25 ലക്ഷം രൂപ ആവശ്യപ്പെട്ടു.

കുട്ടിയുടെ പിതാവായ അബ്ബാസ് ഉടന്‍തന്നെ പൊലീസ് സ്റ്റേഷനില്‍ എത്തി കേസ് രജിസ്റ്റര്‍ ചെയ്തു. ഫോണ്‍കോള്‍ വന്നത് ഛത്തീസ്ഗഡിലെ റായ്പുരില്‍ നിന്നാണെന്ന് മനസ്സിലായ പൊലീസ് അവിടെയെത്തി രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. ജാദേവ് ഷെയ്ഖിന്‍റെ അകന്ന ബന്ധത്തിലുള്ളവരായിരുന്നു ഇവര്‍.

അറസ്റ്റിനക്കുറിച്ച്‌ അറിഞ്ഞതോടെ പിടിക്കപ്പെടുമെന്ന് കരുതി കുട്ടിയെ പ്രതി കൊന്നുകളഞ്ഞതാകാമെന്ന് പൊലീസ് പറയുന്നു. കുട്ടി താമസിച്ചിരുന്ന അതേ അതേ ബില്‍ഡിങ്ങില്‍ തന്നെയാണ് പ്രതിയും തമാസിച്ചിരുന്നത്. കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ക്കൊപ്പം ഇയാളും അന്വേഷണത്തില്‍ പങ്കുചേര്‍ന്നിരുന്നു.

അന്വേഷണത്തില്‍ കാമുകിയുമായുള്ള ഷെയ്ഖിന്‍റെ വിവാഹം നിശ്ചയിച്ചതായി തെളിഞ്ഞിട്ടുണ്ട്. വിവാഹത്തിനുശേഷം മുംബൈയില്‍ താമസിക്കാനായിരുന്നു ഇരുവരുടേയും പദ്ധതി. ഇതിനുവേണ്ടി എളുപ്പത്തില്‍ പണം ഉണ്ടാക്കാനായാണ് ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.