ഒരൊറ്റ സെറ്റു പോലും കൈവിട്ടില്ല; എമ്മ ടെന്നിസിലെ പുതിയ രാജകുമാരി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ഒരൊറ്റ സെറ്റു പോലും കൈവിട്ടില്ല; എമ്മ ടെന്നിസിലെ പുതിയ രാജകുമാരി

'ഗ്രാൻഡ് സ്ലാം വിജയിക്കുന്നത് എല്ലായ്‌പ്പോഴും ഞാൻ സ്വപ്‌നം കാണുമായിരുന്നു. ഞാൻ ജയിച്ചെന്ന യാഥാർത്ഥ്യം എനിക്കുൾക്കൊള്ളാനാകുന്നില്ല. ഫൈനലിൽ ഒന്നാം സെറ്റിൽ നന്നായി പൊരുതി. രണ്ടാം സെറ്റിലും ആധിപത്യം നേടാനായി. പ്രധാനപ്പെട്ട നിമിഷങ്ങളിലെല്ലാം മികച്ച സെർവുകളും പായിക്കാനായി. സമ്മർദ്ദങ്ങളൊന്നുമുണ്ടായിരുന്നില്ല.' - ഒരു യക്ഷിക്കഥ പോലെ യുഎസ് ഓപൺ കിരീട നേട്ടം നേടിയ എമ്മ റാഡുകാനയുടെ വാക്കുകളാണിത്. അതേ, ആധുനിക ടെന്നിസിലിതാ ഒരു രാജകുമാരിയുടെ ഉദയമുണ്ടായിരിക്കുന്നു- പതിനെട്ടുകാരി ബ്രിട്ടീഷ് പെൺകൊടി എമ്മ റാഡുകാന! കോളജ് പ്രായത്തിൽ എമ്മ കീഴടക്കിയത് ടെന്നിസിന്റെ ഹൃദയഭൂമികയാണ്. അതും ഒരു സെറ്റു പോലും അടിയറ വെക്കാതെ. ഫെയറി ടെയ്ൽ എന്നല്ലാതെ ഈ കിരീടധാരണത്തെ എന്തു വിശേഷിപ്പിക്കാനാണ്.

ഫൈനലിൽ കനഡയുടെ ലൈല ഫെർണാണ്ടസിനെയാണ് എമ്മ തോൽപ്പിച്ചത്. സ്‌കോർ 6-4,6-3. ആഗോള റാങ്കിങ്ങിൽ 150-ാം സ്ഥാനത്താണ് എമ്മ. 44 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു ബ്രിട്ടീഷുകാരി യുഎസ് കിരീടം നേടുന്നത്. 1968ൽ വിർജിനിയ വെയ്ഡ് ആണ് ഇതിനു മുമ്പ് ഫ്‌ളഷിങ് മെഡോസിൽ കിരീടം നേടിയ ബ്രിട്ടീഷ് താരം. 2004ൽ മരിയ ഷറപ്പോവ വിംബിൾഡൺ കിരീടം നേടിയ ശേഷം ഗ്രാൻഡ് സ്ലാം ടൈറ്റിൽ സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരി കൂടിയാണ് എമ്മ. ഇതിഹാസ താരം സെറീന വില്യംസ് മാത്രമാണ് യുഎസ് ഓപണിൽ ഒരു സെറ്റും കൈവിടാതെ കിരീടം നേടിയിട്ടുള്ളത്, 2014ൽ. വിജയത്തോടെ എമ്മ ലോകറാങ്കിങ്ങിൽ 23-ാം സ്ഥാനത്തേക്ക് കയറും.

യോഗ്യതാ മത്സരങ്ങൾ വിജയിച്ചാണ് തന്റെ ആദ്യ യുഎസ് ഓപൺ പ്രവേശം എമ്മ യാഥാർത്ഥ്യമാക്കിയത്. കിരീടത്തിലേക്കുള്ള വഴിയിൽ എമ്മ നിഷ്പ്രഭമാക്കിയത് ഒളിംപിക് ചാമ്പ്യൻ ബെലിന്ദ ബെൻസിസ്, ലോക 17-ാം നമ്പറുകാരി മരിയ സക്കാരി അടക്കമുള്ളവരെ. പെർഫക്ട് പെർഫോമൻസ് എന്നാണ് താരത്തിന്റെ പ്രകടനത്തെ മുൻ ബ്രിട്ടീഷ് ഒന്നാം നമ്പർ താരം ലോറ റോബ്‌സൺ വിശേഷിപ്പിച്ചത്.'ഇത് വിശ്വസിക്കാനാവുന്നില്ല. യോഗ്യതാ മത്സരത്തിലൂടെ വന്ന ഒരാൾ കിരീടം നേടുന്നത് കേട്ടിട്ടില്ല. ചിന്തകൾക്കുമപ്പുറത്താണ് അവരുടെ കളി'- എന്നാണ് മുൻ വിംബിൾഡൺ ചാമ്പ്യൻ പാറ്റ് കാഷ് വിശേഷിപ്പിച്ചത്. 2002 നവംബർ 13ന് കനഡയിലെ ഒന്റാറിയോയിലാണ് എമ്മയുടെ ജനനം. രണ്ടു വയസ്സുള്ളപ്പോഴാണ് മാതാപിതാക്കൾ യുകെയിലേക്ക് കുടിയേറിയത്. അഞ്ചാം വയസ്സിൽ ടെന്നിസ് കളിക്കാൻ ആരംഭിച്ചു. ഫോർമുല വണ്ണിന്റെ കടുത്ത ആരാധികയാണ്.