മഞ്ചേശ്വരം കാസർകോട് നിയോജക മണ്ഡലങ്ങളിൽ ബി.ജെ.പിയും സി.പിഎമ്മും വർഗ്ഗീയ ധ്രുവീകരണം നടത്തുന്നു: എ.അബ്ദുൽ റഹ്മാൻ

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മഞ്ചേശ്വരം കാസർകോട് നിയോജക മണ്ഡലങ്ങളിൽ ബി.ജെ.പിയും സി.പിഎമ്മും വർഗ്ഗീയ ധ്രുവീകരണം നടത്തുന്നു: എ.അബ്ദുൽ റഹ്മാൻ

കാസർകോട് (www.kasaragodtimes.com 04.04.2021): മതേതര വോട്ടുകളെ ഭിന്നിപ്പിച്ച് ഫാസിസ്റ്റ് ശക്തികളെ വിജയിപ്പിക്കാനുള്ള ഉത്തരേന്ത്യൻ രാഷ്ട്രീയ തന്ത്രമാണ് മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ ബി.ജെ.പി.യും സി.പി.എമ്മും നടത്തുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ പറഞ്ഞു. കർണ്ണാടകയിൽ നിന്നും ആർ.എസ്.എസിൻ്റെ നേതൃത്വത്തിൽ മന്ത്രിമാർ അടക്കമുള്ള നേതാക്കളും, കേഡറുകളും മണ്ഡലങ്ങളിലെ പഞ്ചായത്തുകളിൽ ക്യാമ്പ് ചെയ്ത് പണവും പ്രലോഭനങ്ങളും നൽകുകയും വർഗ്ഗീയ ധ്രുവീകരണം നടത്തി കൊണ്ടിരിക്കുകയുമാണ്. ഇതിനിടയിൽ ന്യൂനപക്ഷ കേന്ദ്രങ്ങളിൽ മാത്രം തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ നടത്തി മതേതര വോട്ടുകൾ ഭിന്നിപ്പിക്കാനാണ് സി. പി. എം. ശ്രമിക്കുന്നത്. മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ ഫാസിസ്റ്റ് ശക്തികൾക്കെതിരെ യു.ഡി.എഫ് ജീവൻമരണ പോരാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.  ഫാസിസത്തെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നഎല്ലാ വിഭാഗം ജനങ്ങളുടെയും വോട്ടും സഹായവും ഇതിനായി  യു.ഡി എഫിന് ആവശ്യമാണ്.
 ഉന്നതമായ ജനാധിപത്യ - മതേതര മൂല്യങ്ങൾ എക്കാലവും ഉയർത്തി പിടിച്ചിട്ടുള്ള വോട്ടർമാരുടെ നിശ്ചയദാർഢ്യത്തിൻ്റെ വിധിയെഴുത്തായിരുന്നു കഴിഞ്ഞ കാലങ്ങളിൽ ഇവിടെ ഉണ്ടായിരുന്നത്.
എന്നാൽ മതേതര വോട്ടുകളെ എങ്ങിനെ ഭിന്നിപ്പിക്കാമെന്ന് ഗവേഷണം നടത്തുകയാണ് പലരും.
30 ശതമാനം വോട്ട് നേടിയവർ അധികാരത്തിലെത്തുന്ന ഉത്തരേന്ത്യൻ രാഷ്ട്രീയത്തെ പോലെ മതേതര വോട്ടുകളെ ഭിന്നിപ്പിച്ച് ഫാസിസ്റ്റ് ശക്തികൾക്ക് വിജയം സമ്മാനിക്കാനുള്ള പ്രചരണങ്ങളും, പ്രവർത്തനങ്ങളും നടത്തുന്നവർ നാടിൻ്റെ അന്തകരായി മാറുകയാണ്.
മത ജാതി ഭാഷാഭേദമന്യെ ഏകോദര സഹോദരരായി സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിച്ചു വരുന്ന തുളുനാടൻ മണ്ണിനെ കലാപത്തിൻ്റെ ഭൂമിയാക്കി നശിപ്പിക്കാനുള്ള സംഘപരിവാർ ശക്തികളുടെ ശ്രമത്തിനെ പരാജയപ്പെടുത്താനും യു.ഡി.എഫ് സ്ഥാനാർത്ഥികളെ ബഹുഭൂരിപക്ഷത്തോടെ വിജയിപ്പിക്കാനും മുഴുവൻ മതേതര-ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്നും അബ്ദുൾ റഹ്മാൻ അഭ്യർത്ഥിച്ചു