മംഗളൂരു വിമാനത്താവളത്തിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട വിമാനത്തിൽ പക്ഷിയിടിച്ചു; യാത്രക്കാർ പുറപ്പെട്ടത് പകരം വിമാനത്തിൽ

മംഗളൂരു വിമാനത്താവളത്തിൽ നിന്ന്  ദുബൈയിലേക്ക് പുറപ്പെട്ട വിമാനത്തിൽ പക്ഷിയിടിച്ചു; യാത്രക്കാർ പുറപ്പെട്ടത് പകരം വിമാനത്തിൽ

മംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ ദുബൈയിലേക്കുള്ള ഇൻഡിഗോ വിമാനം (6E 1467) പറന്നുയരുന്നതിനിടെ പക്ഷിയിടിച്ചു.

ഇതേ തുടര്‍ന്ന് യാത്രക്കാരെ ഇറക്കി വിമാനത്തിന്റെ സര്‍വീസ് റദ്ദാക്കി. വൻ ദുരന്തമാണ് ഒഴിവായത്.

വ്യാഴാഴ്ച രാവിലെ 8.30തോടെയാണ് സംഭവം നടന്നത്. 160 യാത്രക്കാരുമായി വിമാനം ടാക്‌സിവേ കടന്ന് പറന്നുയരാൻ ഒരുങ്ങിയപ്പോള്‍ ചിറകുകളിലൊന്നില്‍ പക്ഷി ഇടിക്കുകയായിരുന്നു. പൈലറ്റ് ഉടൻ എയര്‍ ട്രാഫിക് കണ്‍ട്രോളിനെ (എ.ടി.സി) അറിയിക്കുകയും ടേക് ഓഫ് റദ്ദാക്കുകയും ചെയ്തുവെന്ന് അധികൃതര്‍ അറിയിച്ചു.

യാത്രക്കാര്‍ക്ക് ദുബൈയിലേക്ക് പോകുന്നതിന് ബാംഗ്ലൂര്‍ വഴി പകരം വിമാനം ഏര്‍പ്പെടുത്തി. ഈ വിമാനം രാവിലെ 11.05ന് പുറപ്പെട്ടു. പക്ഷിയിടിച്ച വിമാനം സാങ്കേതിക വിദഗ്ധര്‍ പരിശോധിച്ചു വരികയാണെന്ന് അധികൃതര്‍ പറഞ്ഞു.