സീസണ്‍ 5 ലെ ഏറ്റവും കടുപ്പമേറിയ നോമിനേഷന്‍ ലിസ്റ്റ്; ബിഗ് ബോസിലെ ബിഗ് എവിക്ഷന്‍ ഇന്ന്

സീസണ്‍ 5 ലെ ഏറ്റവും കടുപ്പമേറിയ നോമിനേഷന്‍ ലിസ്റ്റ്; ബിഗ് ബോസിലെ ബിഗ് എവിക്ഷന്‍ ഇന്ന്

ബിഗ് ബോസ് മലയാളം സീസണ്‍ 5 പത്താം വാരത്തിലേക്ക് കടക്കുകയാണ് ഇന്ന്. ബിഗ് ബോസ് ഷോയെ സംബന്ധിച്ച് ഏറെ പ്രധാനമാണ് പത്താം വാരം. ഷോയിലെ മത്സരം മുറുകുന്ന അവസാന ലാപ്പ് ആരംഭിക്കുന്ന സമയമായാണ് പത്താം ആഴ്ച വിലയിരുത്തപ്പെടുന്നത്. ഇത് പൂര്‍ത്തിയായാല്‍ ഗ്രാന്‍ഡ് ഫിനാലെയിലേക്ക് അവശേഷിക്കുന്ന വെറും മൂന്ന് ആഴ്ചകള്‍ മാത്രം. അതേസമയം സീസണ്‍ 5 ലെ ഏറ്റവും കടുപ്പമേറിയ നോമിനേഷന്‍ ലിസ്റ്റിന്‍റെ ഫലം ഇന്ന് പ്രഖ്യാപിക്കും.

എല്ലാ സീസണുകളിലും നടത്താറുള്ള ഗ്രൂപ്പ് നോമിനേഷനാണ് ഇത്തവണ ബിഗ് ബോസ് നടത്തിയത്. മത്സരാര്‍ഥികള്‍ രണ്ട് പേരടങ്ങുന്ന മൂന്ന് ടീമുകളും മൂന്ന് പേരടങ്ങുന്ന രണ്ട് ടീമുകളുമായി തിരിഞ്ഞായിരുന്നു നോമിനേഷന്‍ നടത്തിയത്. ഓരോ ഗ്രൂപ്പുകളായി കണ്‍ഫെഷന്‍ റൂമില്‍വച്ച് പരസ്പരം ചര്‍ച്ച ചെയ്ത് ഒരാളെ വീതം നോമിനേറ്റ് ചെയ്യാനാണ് ബിഗ് ബോസ് ആവശ്യപ്പെട്ടത്. തര്‍ക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും സൗഹൃദത്തിന്റെ ദൃഢതയുമൊക്കെ കാണപ്പെട്ട ചര്‍ച്ചകളില്‍ നിന്ന് ആറ് പേര്‍ നോമിനേഷന്‍ ലിസ്റ്റിലേക്ക് എത്തി.

ഷിജു, ജുനൈസ്, നാദിറ എന്നിവരും സെറീന, വിഷ്ണു, റെനീഷ എന്നിവരും അഖില്‍, അനു എന്നിവരും മിഥുന്‍, റിനോഷ് എന്നിവരും ശോഭ, സാഗര്‍ എന്നിവരുമായിരുന്നു ഗ്രൂപ്പുകള്‍. ഇതില്‍ നിന്ന് ജുനൈസ്, വിഷ്ണു, അഖില്‍, റിനോഷ്, ശോഭ, സാ​ഗര്‍ എന്നിവരാണ് നോമിനേഷന്‍ ലിസ്റ്റിലേക്ക് എത്തിയത്. ഇതില്‍ ആരാണ് ഷോയില്‍ നിന്ന് പുറത്താവുകയെന്ന് ഇന്നത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ പ്രഖ്യാപിക്കും. സീസണ്‍ 5 ല്‍ പ്രേക്ഷകശ്രദ്ധ നേടിയ കരുത്തരായ മത്സരാര്‍ഥികളാണ് ഇതില്‍ ഇടംപിടിച്ച എല്ലാവരും എന്നതാണ് ഇത്തവണത്തെ ലിസ്റ്റിന്‍റെ പ്രത്യേകത. പുറത്താവുന്നത് ആരായിരുന്നാലും അത് മുന്നോട്ടുള്ള ഗെയിമിനെ അടിമുടി സ്വാധീനിക്കും എന്നത് തീര്‍ച്ച.