പത്തനംതിട്ടയില്‍ വന്‍ ബാങ്ക് തട്ടിപ്പ്; ജീവനക്കാരന്‍ കുടുംബസമേതം ഒളിവില്‍

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

പത്തനംതിട്ടയില്‍ വന്‍ ബാങ്ക് തട്ടിപ്പ്; ജീവനക്കാരന്‍ കുടുംബസമേതം ഒളിവില്‍

പത്തനംതിട്ട: (www.kasaragodtimes.com 11.05.2021) പ്രമുഖ പൊതുമേഖല ബാങ്കായ കനറാ ബാങ്കിന്റെ പത്തനംതിട്ട രണ്ടാം ശാഖയില്‍ നിന്ന് ഞെട്ടിക്കുന്ന തട്ടിപ്പ്. ബാങ്കിന്റെ ഓഡിറ്റിങ്ങില്‍ 8.13 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തല്‍. ഫെബ്രുവരിയില്‍ തന്റെ അറിവില്ലാതെ പത്തുലക്ഷം രൂപയുടെ അക്കൗണ്ട് ക്ലോസ് ചെയ്തു എന്ന് കാണിച്ച്‌ ഇടപാടുകാരന്‍ പരാതി നല്‍കിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായത്. ഒരു മാസം നീണ്ട ബാങ്ക് ഓഡിറ്റിങ്ങിലാണ് എട്ടു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്.

കോടികള്‍ തട്ടിച്ചതിന് പിന്നാലെ കടന്നുകളഞ്ഞ ക്ലര്‍ക്ക് കം ക്യാഷ്യര്‍ ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസ് കഴിഞ്ഞ മൂന്ന് മാസമായി ഒളിവിലാണ്. സംഭവത്തിന് പിന്നാലെ തട്ടിപ്പ് നടത്തിയ വിജീഷ് വര്‍ഗീസ് കുടുംബസമേതം ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്.14 മാസത്തിനിടെ 191 ഇടപാടുകളിലായാണ് കോടികള്‍ തട്ടിയത്. ദീര്‍ഘകാലത്തെ സ്ഥിര നിക്ഷേപത്തില്‍ നിന്നോ, കാലാവധി പിന്നിട്ടിട്ടും പണം പിന്‍വലിക്കാത്തവരുടെ അക്കൗണ്ടില്‍ നിന്നോ ആണ് പണം അനധികൃതമായി പിന്‍വലിച്ചത്. പണം പിന്‍വലിക്കാന്‍ അനുമതി നല്‍കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തില്‍ കമ്ബ്യൂട്ടറിലെ വിവരങ്ങള്‍ ചോര്‍ത്തിയാണ് ഇയാള്‍ പണം തട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തിന് പിന്നാലെ കുടുംബസമ്മേതം കൊച്ചിയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് യാത്ര ചെയ്യാന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി. 20ലക്ഷം രൂപ വില വരുന്ന കാര്‍ കലൂരിലെ ഫ്ലാറ്റില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ബാങ്കിലെ ജീവനക്കാരന്‍ ആകുന്നതിന് മുന്‍പ് വിജീഷ് വര്‍ഗീസ് നേവിയിലെ ഉദ്യോഗസ്ഥനായിരുന്നു. നേവിയിലെ ഉദ്യോഗസ്ഥനായിരുന്ന സമയത്ത് ജോലി ചെയ്തിരുന്ന സംസ്ഥാനങ്ങളില്‍ എവിടെയെങ്കിലും ഉണ്ടാവുമെന്ന വിലയിരുത്തലില്‍ അന്വേഷണം വിപുലമാക്കാന്‍ ഒരുങ്ങുകയാണ് പോലീസ്.