ടിവി തുറന്നാല്‍ ഭര്‍ത്താവിന് ന്യൂസ് മതി, യുവതി ദേഷ്യം തീര്‍ത്തത് മൂന്ന് വയസുള്ള മകളെ കൊലപ്പെടുത്തി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ടിവി തുറന്നാല്‍ ഭര്‍ത്താവിന് ന്യൂസ് മതി, യുവതി ദേഷ്യം തീര്‍ത്തത് മൂന്ന് വയസുള്ള മകളെ കൊലപ്പെടുത്തി

ബംഗളൂരു(www.kasaragodtimes.com 08.04.2021) : ടിവിയില്‍ തനിക്ക് ഇഷ്ടമുള്ള ചാനല്‍ കാണാന്‍ സമ്മതിക്കാത്ത ഭര്‍ത്താവിനോടുള്ള ദേഷ്യത്തിന് മകളെ കൊലപ്പെടുത്തി അമ്മയുടെ പ്രതികാരം. ബംഗളൂരുവിലാണ് അരുംകൊല റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സുധ എന്ന് പേരുള്ള യുവതിയാണ് മൂന്ന് വയസുകാരിയായ മകളെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയത്. മകളെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടത്തവേയാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയതായി നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് കാണാതായ വിനുതയെന്ന മൂന്ന് വയസുകാരിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞതും, കൊലപാതകത്തിന്റെ ചുരുളഴിച്ചതും.

കൊലപാതകത്തെ കുറിച്ച്‌ പൊലീസ് നല്‍കുന്ന വിവരണം ഇങ്ങനെ. ഗൃഹനാഥനായ ഈരന്ന കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിലെത്തിയപ്പോള്‍ ഭാര്യ സുധയും മകള്‍ വിനുതയും ടി വി കാണുകയായിരുന്നു. എന്നാല്‍ ഈരന്ന റിമോട്ട് വാങ്ങി ന്യൂസ് ചാനല്‍ വച്ചു. ഇത് ഇഷ്ടപ്പെടാതിരുന്ന ഭാര്യ കലഹിക്കുകയും വീട് വിട്ട് പോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ മകള്‍ അച്ഛനെ പിന്തുണയ്ക്കുകയായിരുന്നു, മകള്‍ക്ക് തന്നെക്കാളും അച്ഛനെയാണ് ഇഷ്ടമെന്ന് മനസിലാക്കിയ യുവതി നിരുതയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. അതേദിവസം രാത്രി ആളൊഴിഞ്ഞ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെത്തിച്ച്‌ കഴുത്ത് ഞെരിച്ചാണ് ഇവര്‍ മകളെ കൊലപ്പെടുത്തിയത്. പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി മകളെ കാണാനില്ലെന്ന് പരാതിയും നല്‍കി. മൃതദേഹം കണ്ടെത്തിയതിന് ശേഷം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ ഘാതക സ്വന്തം അമ്മതന്നെയെന്ന് തെളിഞ്ഞത്.