ബീരാന്‍ മുസ്ല്യാറെന്ന വിദ്യാനഗര്‍ ഉസ്താദും യാത്രയായി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ബീരാന്‍ മുസ്ല്യാറെന്ന വിദ്യാനഗര്‍ ഉസ്താദും  യാത്രയായി

കാസർകോട് വിദ്യാനഗർ നൗഷാദ് ജുമാ മസ്ജിദിൽ മുപ്പതിലേറെ വർഷം ഇമാമായും ഖത്തീബായും പ്രവർത്തിച്ച് നാട്ടുകാരുടെ ഓർമ്മയിൽ എന്നും വിദ്യാനഗർ ഉസ്താദായിരുന്ന മലപ്പുറം കൊണ്ടോട്ടി കീശ്ശേരിയിലെ ബീരാൻ മുസ്ല്യാർ പുണ്യറമളാനിൽ വിട പറഞ്ഞിരിക്കയാണ്. ഒരു പാട് ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച വിദ്യാനഗർ ഗവ: കോളേജിന് മുൻവശത്തെ നൗഷാദ് ജുമാ മസ്ജിദ് നിസ്കാര പള്ളിയായിരുന്ന കാലത്ത് തന്നെ ബീരാൻ മുസ്ല്യാർ അവിടെ ഇമാമായി പ്രവർത്തിച്ചിരുന്നുവത്രേ! വ്യവസായ പ്രമുഖനായ ഖാദർ തെരുവത്തിൻ്റെ നേതൃത്വത്തിൽ പള്ളിയുടെ നവീകരണം പ്രവർത്തനം നടത്തി നൗഷാദ് പള്ളിയെ ജുമാ മസ്ജിദാക്കി മാറ്റിയപ്പോൾ അതിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചതും ജുമാ നമസ്കാരത്തിന് നേതൃത്വം നൽകിയതും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു.പുനർനിർമ്മാണം നടത്തുന്ന പള്ളിയുടെ ശിലാസ്ഥാപനം നടത്തിയത് (കുറ്റിയടിച്ചത് ) അന്നത്തെ കേരള വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബായിരുന്നു.
ഞാൻ 2004 ഫെബ്രവരിയിൽ മാസത്തിലാണ് പള്ളിൻ്റെയടുത്തു പണിത വീട്ടിൽ താമസമാരംഭിച്ചത്. 2004ഫെബ്രവരി 19ന് പരിചയപ്പെട്ട ബീരാൻ മുസ്ല്യാർ അനാരോഗ്യ കാരണം 2007 ൽ ജോലിയിൽ നിന്നും ഒഴിഞ്ഞ് പോകുന്നത് വരെ എൻ്റെ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയായിരുന്നു. നൗഷാദ് പള്ളിക്ക് മഹൽ കമ്മിറ്റിയില്ലെങ്കിലും ആ പ്രദേശത്തെ ജനങ്ങൾക്കാകെ ബീരാൻ മുസ്ല്യാർ വിദ്യാനഗർ ഉസ്താദായിരുന്നു. ജോലി ഒഴിവാക്കി പോയങ്കിലും വിദ്യാനഗിൽ നടക്കുന്ന ഒട്ടുമിക്കകല്യാണ ചടങ്ങുകളിലും മരണം നടന്ന വീടുകളിലും അദ്ദേഹം എത്തുമായിരുന്നു. എല്ലാറമളാൻ മാസത്തിലും അദ്ദേഹം കുറച്ച് നാൾ വിദ്യാനഗിൽ ഉണ്ടാകുമായിരുന്നു. കോറോണ വ്യാപകമായതിനാൽ കഴിഞ്ഞ റമളാനിൽ അദ്ദേഹം വന്നിരുന്നില്ല.
ഈ റമളാനിൽ അദ്ദേഹത്തിൻ്റെ വരവ് കാത്തിരുന്ന എല്ലാവരേയും സങ്കടപ്പെടുത്തികൊണ്ടാണ് മരണവാർത്ത പുറത്ത് വന്നത്.
മഹൽ പരിസരത്തെ എല്ലാ കുടുംബങ്ങളുമായി നല്ല ബന്ധം പുലർത്തുകയും സൗമ്യമായി പെരുമാറുകയും ചെയ്തിരുന്ന ബീരാൻ മുസ്ല്യാർ നല്ല ഒരു പണ്ഡിതനും ദീനി പ്രവർത്തകനുമായിരുന്നു.
ഒരു പാട് നല്ല ഗുണങ്ങളുള്ള ബീരാൻ മുസ്ല്യാർ ഇവിടെ നിന്നും ജോലി  വിട്ട് പോകുമ്പോൾ പലർക്കം  വലിയ വിഷമമുണ്ടായിരുന്നു
അദേഹത്തിൻ്റെ മരണവിവരം അറിഞ്ഞ് കിഴിശ്ശേരി പോകുവാൻ പലർക്കും ആഗ്രഹമുണ്ടായിരുന്നുവെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്നു അപ്രാഖ്യാപിത ലോക് ഡൗണായതിനാൽ ആർക്കും പോകാൻ കഴിഞ്ഞില്ല.
ഒരു പാട് നന്മനിറഞ്ഞ പ്രവർത്തനങ്ങൾ നടത്തിയ ബീരാൻ മുസ്ല്യാർപുണ്യ റമളാൻ മാസത്തിലാണ് അള്ളാഹുവിൻ്റെ വിളിക്ക് ഉത്തരം നൽകി യാത്രയായത്. സർവ്വശക്തനായ നാഥൻ ബീരാൻ മുസ്ല്യാറുടെ പരലോകജീവിതം ധന്യമാക്കി കൊടുക്കട്ടെ ആമീൻ.

എ.അബ്ദുൽ റഹ് മാൻ