നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ വനിത സെക്യൂരിറ്റിയെ മര്‍ദ്ദിച്ച സംഭവം പ്രതിയെ പിടികൂടാത്തതിനെതിരെ ആശുപത്രി ജീവനക്കാരുടെ പ്രതിഷേധം

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ വനിത സെക്യൂരിറ്റിയെ മര്‍ദ്ദിച്ച  സംഭവം  പ്രതിയെ പിടികൂടാത്തതിനെതിരെ ആശുപത്രി ജീവനക്കാരുടെ പ്രതിഷേധം

തിരുവനന്തപുരം(www.kasaragodtimes.com 19.01.2021 Tuesday): നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ വനിത സെക്യൂരിറ്റിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടാത്തതിനെതിരെ ആശുപത്രി ജീവനക്കാരുടെ പ്രതിഷേധം. സെക്യൂരിറ്റി ബിന്ദുവിന്റെ പരാതിയില്‍ പൂവാര്‍ സ്വദേശി റിഷാദിനെതിരെ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല.
തെളിവുസഹിതം പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതില്‍ പൊലീസിനെതിരെയായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. ജീവനക്കാരുടെ സമരത്തില്‍ രണ്ട് മണിക്കൂറിലേറെ ഒപിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. എത്രയും പെട്ടെന്ന് പ്രതിയെ പിടികൂടിയില്ലെങ്കില്‍ ആശുപത്രി സ്തംഭിപ്പിക്കുന്ന രീതിയിലേക്ക് സമരം വ്യാപിപ്പിക്കുമെന്നായിരുന്നു മുന്നറിയിപ്പ്.
കഴിഞ്ഞ അഞ്ചാം തിയതിയാണ് ആശുപത്രിയിലെ സെക്യൂരിറ്റിയായ ബിന്ദുവിന് മര്‍ദ്ദനമേല്‍ക്കുന്നത്. ആശുപത്രിയിലെത്തിയ പൂവാര്‍ സ്വദേശിയായ റിഷാദിനെതിരെ ബിന്ദു അന്ന് തന്നെ പരാതിയും നല്‍കിയിരുന്നു. പ്രസവ ചികിത്സാ വിഭാഗത്തിലേക്ക് ഭാര്യയ്ക്കൊപ്പം പ്രവേശിക്കണമെന്ന ഇയാളുടെ ആവശ്യം ബിന്ദു നിരസിച്ചതാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. വാക്കുതര്‍ക്കത്തിനിടെ ബിന്ദുവിനെ ഇയാള്‍ മര്‍ദ്ദിക്കുകയായിരുന്നു.
റിഷാദിന്റെ മര്‍ദ്ദനത്തില്‍ ബിന്ദുവിന്റെ ഇടതുകൈക്ക് പൊട്ടലുണ്ടായി. അതിക്രമം തടയാനെത്തിയ മറ്റൊരു ജീവനക്കാരിക്കും പരിക്കേറ്റിരുന്നു. സംഭവത്തില്‍ പ്രതിയായ റിഷാദ് ഒളിവിലാണെന്നും, ഇയാള്‍ക്കായി അന്വേഷണം തുടരുകയാണെന്നും ഉടന്‍ പിടിയിലാകും എന്നും നെയ്യാറ്റിന്‍കര പൊലിസ് പറഞ്ഞു.