ചെങ്കടലില്‍ ഇറാന്‍ ചരക്കുകപ്പലിനു നേരെ ആക്രമണം; പിന്നില്‍ ഇസ്രായേലെന്ന് സൂചന

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ചെങ്കടലില്‍ ഇറാന്‍ ചരക്കുകപ്പലിനു നേരെ ആക്രമണം; പിന്നില്‍ ഇസ്രായേലെന്ന് സൂചന

ടെഹ്​റാന്‍(www.kasaragodtimes.com 07.04.2021): യെമനിനോട്​ ചേര്‍ന്ന്​ ചെങ്കടലില്‍ വര്‍ഷങ്ങളായി നങ്കൂരമിട്ട ഇറാന്‍ ചരക്കുകപ്പലിനു നേരെ ആക്രമണം. അര്‍ധ സൈനിക റവലൂഷനറി വിഭാഗത്തിന്‍റെ താവളമായി ഉപയോഗിച്ചുവന്നതെന്നു കരുതുന്ന എം.വി സാവിസിനു നേരെ ഇസ്രായേലാണ്​ ആക്രമണം നടത്തിയതെന്നു കരുതുന്നു. ഇറാനും ലോക വന്‍ശക്​തികളും ആണവ കരാര്‍ ചര്‍ച്ച പുനരാരംഭിച്ച ചൊവ്വാഴ്ച തന്നെയാണ്​ കപ്പലും ആക്രമിക്കപ്പെട്ടത്​.

യെമന്‍ തീരത്ത്​ കപ്പലിന്‍റെ സാന്നിധ്യത്തിനെതിരെ അറബ്​ രാഷ്​ട്രങ്ങള്‍ ശക്​തമായി രംഗത്തുണ്ടായിരുന്നു. യെമനിലെ ഹൂതി വിമതര്‍ക്ക്​ ആയുധങ്ങള്‍ എത്തിച്ചുനല്‍കിയത്​ ഈ കപ്പല്‍ വഴിയാണെന്നും ആരോപണമുണ്ടായിരുന്നു.

എന്നാല്‍, ചെങ്കടലിനും ബാബുല്‍ മന്‍ദബ്​ കടലിടുക്കിനുമിടയില്‍ കടല്‍ക്കൊള്ളയുടെ സാധ്യത അവസാനിപ്പിക്കാനാണ്​ കപ്പല്‍ നങ്കൂരമിട്ടതെന്നാണ്​ ഇ​റാന്‍ പ്രതികരണം.

ആക്രമണം ഇസ്രായേല്‍ സ്​ഥിരീകരിച്ചതായി യു.എസ്​ പത്രം ന്യൂയോര്‍ക്​ ടൈംസ്​ റിപ്പോര്‍ട്ട്​ ചെയ്​തു. സാവിസ്​ കപ്പലിനു മുകളില്‍ സ്​ഫോടക വസ്​തുക്കള്‍ പൊട്ടിത്തെറിച്ചതായി വ്യക്​തമാക്കിയ ഇറാന്‍ വാര്‍ത്ത ഏജന്‍സി കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറ​ത്തുവിടുമെന്ന്​ വ്യക്​തമാക്കി.

സര്‍ക്കാറിനു കീഴിലെ ഇസ്​ലാമിക്​ റിപ്പബ്ലിക്​ ഓഫ്​ ഇറാന്‍ ഷിപ്പിങ്​ ലൈന്‍സ്​ എന്ന കമ്ബനിയുടെ ഉടമസ്​ഥതയിലുള്ള മാവിസ്​ കപ്പല്‍ 2016ലാണ്​ ചെങ്കടലിലെത്തിയത്​. പരിസരങ്ങളില്‍ തുടരുന്ന കപ്പലില്‍ ഇടവിട്ട്​ അവശ്യ വസ്​തുക്കള്‍ എത്തിക്കുന്നതായാണ്​ റിപ്പോര്‍ട്ട്​. കപ്പലിനെതിരെ 2015 വരെ രാജ്യാന്തര ഉപരോധം നിലനിന്നിരുന്നു. ഇറാന്‍ ആണവ കരാര്‍ നിലവില്‍ വന്നതോടെയാണ്​ ഇളവ്​ ലഭിച്ചത്​. ട്രംപ്​ ഭരണകാലത്ത്​ കപ്പല്‍ വീണ്ടും ഉപരോധ പരിധിയിലായി.