'പൊലീസ് നായകളെ പോലെ കിടന്നുറങ്ങുന്നു'; വിവാദ പരാമർശവുമായി കർണാടക ആഭ്യന്തരമന്ത്രി

'പൊലീസ് നായകളെ പോലെ കിടന്നുറങ്ങുന്നു'; വിവാദ പരാമർശവുമായി കർണാടക ആഭ്യന്തരമന്ത്രി

കന്നുകാലിക്കടത്തുകൾ കണ്ടുപിടിക്കാതെ പൊലീസ് നായകളെ പോലെ കിടന്ന് ഉറങ്ങുകയാണെന്ന് കർണാടക ആഭ്യന്തരമന്ത്രി. പരാമർശം വിവാദമായതോടെ തിരുത്തുമായി മന്ത്രി രംഗത്തെത്തി.'പൊലീസ് കന്നുകാലി കടത്തുകാരിൽ നിന്ന് കൈക്കൂലി വാങ്ങുകയും നായ്ക്കളെപ്പോലെ ഉറങ്ങുകയും ചെയ്യുന്നു. കന്നുകാലി കടത്തുന്നവർ സ്ഥിരം കുറ്റവാളികളാണ്. നിങ്ങളുടെ ഉദ്യോഗസ്ഥർക്ക് അത് നന്നായി അറിയാം. പക്ഷേ അവർ കൈക്കൂലി വാങ്ങി നായ്ക്കളെപ്പോലെ ഉറങ്ങുന്നു. നിങ്ങളുടെ പൊലീസിന് ആത്മാഭിമാനം ആവശ്യമാണ്' -വീഡിയോയിൽ മന്ത്രി അരഗ ജ്ഞാനേന്ദ്ര പറയുന്നു. പശു മോഷണവും കടത്തും തടയുന്നതിൽ പരാജയപ്പെട്ടതിന് ജ്ഞാനേന്ദ്ര ഒരു പൊലീസ് ഉദ്യോഗസ്ഥനോട് ഫോണിൽ ആക്രോശിക്കുന്നതും വീഡിയോയിൽ കാണാം.
ഞാൻ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. പക്ഷേ ഞാൻ ആഭ്യന്തര മന്ത്രിയായി തുടരണോ വേണ്ടയോ. ഇന്ന് മുഴുവൻ പൊലീസ് സേനയും ചീഞ്ഞളിഞ്ഞിരിക്കുന്നു. ഞങ്ങൾ ശമ്പളം നൽകുന്നു. പക്ഷേ ശമ്പളം കൊണ്ട് മാത്രം ജീവിക്കാൻ ആരും ആഗ്രഹിക്കുന്നില്ല. അവർക്ക് കൈക്കൂലി കൊണ്ട് ജീവിക്കാൻ ആണ് ആഗ്രഹം' -മന്ത്രി പറയുന്നു. സംസ്ഥാനത്ത് ഗോവധ നിരോധന നിയമം കൊണ്ടുവന്നിട്ടും ചില പൊലീസ് ഉദ്യോഗസ്ഥർ പശുക്കടത്തുകാരെ ശക്തമായി എതിർക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, സംഭവം വിവാദമായപ്പോൾ തിരുത്തുമായി മന്ത്രി വീണ്ടുമെത്തി. എല്ലാ പൊലീസിനെ കുറിച്ചുമല്ല, കുറ്റക്കാരായ പൊലീസുകാർക്കെതിരെയാണ് താൻ പരാമർശം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ചില പൊലീസുകാർ അവരുമായി കൈകോർത്തിരുന്നു. ഈ പശ്ചാത്തലത്തിൽ, ഞാൻ ദേഷ്യത്തോടെയാണ് വീഡിയോയിൽ സംസാരിച്ചത് -ജ്ഞാനേന്ദ്ര വ്യക്തമാക്കി. മലനാട് മേഖലയിൽ വെട്ടുകത്തിയുമായി കന്നുകാലി ഉടമകളുടെ അടുത്തേക്ക് കള്ളക്കടത്തുകാരെത്തി കന്നുകാലികളെ ബലം പ്രയോഗിച്ച് കൊണ്ടുപോകുന്നതായി അദ്ദേഹം ആരോപിച്ചു. കർണാടക പൊലീസ് രാജ്യത്ത് നല്ല പേര് നേടിയിട്ടുണ്ടെന്നും എന്നാൽ ചില പോരായ്മകളുണ്ടെന്നും മന്ത്രി പറഞ്ഞു.