സിനിമ സംവിധാനം ചെയ്യാന്‍ പോലും കോഴ്‌സ് ചെയ്തിട്ടില്ല; പിന്നെയല്ലേ അഭിപ്രായം പറയാന്‍- ജൂഡ് ആന്റണി

നല്ല സിനിമയെ എഴുതി തോല്‍പ്പിക്കാന്‍ ആകില്ല. അതുപോലെ മോശം സിനിമയെ എഴുതി വിജയിപ്പിക്കാനും

സിനിമ സംവിധാനം ചെയ്യാന്‍ പോലും കോഴ്‌സ് ചെയ്തിട്ടില്ല; പിന്നെയല്ലേ അഭിപ്രായം പറയാന്‍- ജൂഡ് ആന്റണി

സിനിമ നിരൂപണത്തെക്കുറിച്ച് സംവിധായിക അഞ്ജലി മേനോന്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ജൂഡ് ആന്റണി. സിനിമ സംവിധാനം ചെയ്യാന്‍ പോലും കോഴ്‌സ് ചെയ്തിട്ടില്ല, പിന്നെയല്ലേ അഭിപ്രായം പറയാന്‍ എന്ന് ജൂഡ് ആന്റണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഞാന്‍ സിനിമ പ്രേക്ഷകനാണ് . അധ്വാനിച്ച പണം കൊണ്ട് സിനിമ കാണുന്നയാള്‍. സിനിമ ഡയറക്റ്റ് ചെയ്യാന്‍ വേണ്ടി പോലും സിനിമ പഠിക്കാന്‍ കോഴ്‌സ് ചെയ്തിട്ടില്ല. പിന്നെയല്ലേ അഭിപ്രായം പറയാന്‍. നല്ല സിനിമയെ എഴുതി തോല്‍പ്പിക്കാന്‍ ആകില്ല. അതുപോലെ മോശം സിനിമയെ എഴുതി വിജയിപ്പിക്കാനും

ചലച്ചിത്ര നിരൂപണം നടത്തുമ്പോള്‍ അതിന് മുന്‍പ് സിനിമാ എന്തെന്നും, സിനിമ എങ്ങനെ രൂപപ്പെടുന്നുവെന്നും അറിഞ്ഞിരിക്കണമെന്നടക്കം പ്രശസ്ത നിരൂപകയും മാധ്യമപ്രവര്‍ത്തകയുമായ ഉദയാ താര നായരെ ഉദാഹരണമായി കാട്ടി അഞ്ജലി മേനോന്‍ നടത്തിയ പരാമര്‍ശം ചര്‍ച്ചയായിരുന്നു. ഫിലിം കകമ്പാനിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു അഞ്ജലി അതെക്കുറിച്ച് പറഞ്ഞത്.

'എങ്ങനെയാണ് ഒരു സിനിമ ഉണ്ടാകുന്നത് സാങ്കേതിക കാര്യങ്ങളെക്കുറിച്ച് പറയുമ്പോള്‍.. സിനിമയ്ക്ക് ലാഗുണ്ട് എന്ന് പറയുന്നതെല്ലാം. എഡിറ്റിങ് എന്താണെന്ന് കുറച്ചെങ്കിലും അറിഞ്ഞിരിക്കണം. ഇങ്ങനെത്തെ കമന്റ് പറയുമ്പോള്‍ ഒരു സിനിമയുടെ പേസ് എന്താണെന്ന് ഒരു സംവിധായകന്‍ തീരുമാനിച്ചിട്ടുണ്ടാകുമല്ലോ. ഇതായിരിക്കണം എന്റെ കഥ, ഒരു ബന്ധവുമില്ലാത്ത രണ്ട് സിനിമകള്‍ തമ്മില്‍ താരതമ്യം ചെയ്‌തൊക്കെ ഇവര്‍ സംസാരിക്കും. പക്ഷേ, ഇത് അങ്ങനെ ചെയ്യാന്‍ പറ്റുന്നതല്ല. എങ്ങനെയാണ് ഒരു സിനിമ നറേറ്റ് ചെയ്യപ്പെടുന്നതെന്ന് മനസിലാക്കണം.

എന്താണ് ഒരു സിനിമയിലുള്ളത്. ഇതിലെ സാങ്കേതിക വശങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ വളരെ സ്വാഗതാര്‍ഹമാണ്. നിരൂപണം വായിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. അത് വളരെ പ്രാധാന്യമുള്ളതും നല്ലതുമാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ചലച്ചിത്ര നിരൂപണം ഞങ്ങള്‍ക്കൊക്കെ പഠിക്കാനുണ്ടായിരുന്ന ഒരു വിഷയമായിരുന്നു. സിനിമ എന്ന മാധ്യമത്തെ മനസിലാക്കേണ്ടത് സുപ്രധാനമാണ്. റിവ്യൂ ചെയ്യുന്നവര്‍ കുറച്ച് കൂടി സിനിമയെന്ന മാധ്യമത്തെ മനസിലാക്കി സംസാരിക്കുകയാണെങ്കില്‍ അത് എല്ലാവര്‍ക്കും ഗുണം ചെയ്യും. അത്തരത്തിലുള്ള ഒരു വിദ്യാഭ്യാസം വളരെ പ്രധാനമാണ്'- എന്നാണ് അഞ്ജലി മേനോന്‍ പറഞ്ഞത്.

തന്റെ പരാമര്‍ശം പ്രേക്ഷകരെക്കുറിച്ചല്ലെന്നും ചലച്ചിത്ര നിരൂപണം തൊഴിലായി കൊണ്ടുനടക്കുന്നവരെക്കുറിച്ചാണെന്നും അഞ്ജലി പിന്നീട് വ്യക്തമാക്കി.