'യെദിയൂരപ്പയെ മാറ്റിയാല്‍ 2023ല്‍ തിരിച്ചടി', ബിജെപിക്ക് ലിംഗായത്തിന്റെ ഭീഷണി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

'യെദിയൂരപ്പയെ മാറ്റിയാല്‍ 2023ല്‍ തിരിച്ചടി', ബിജെപിക്ക് ലിംഗായത്തിന്റെ ഭീഷണി

ബെംഗളുരു(www.kasaragodtimes.com 21.07.2021)കർണാടകത്തിൽ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയെ മാറ്റിയേക്കുമെന്ന ചർച്ചകളും അഭ്യൂഹങ്ങളും ശക്തമാകുന്നതിനിടെ, മുഖ്യമന്ത്രിക്ക് ശക്തമായ പിന്തുണയുമായി ലിംഗായത്ത് സമുദായനേതൃത്വം രംഗത്ത്. 500 മഠാധിപതികളെ വിളിച്ച് ചേർത്ത് യെദിയൂരപ്പയ്ക്ക് പിന്തുണ പ്രഖ്യാപിക്കുമെന്ന് ലിംഗായത്ത് നേതൃത്വം വ്യക്തമാക്കി. യെദിയൂരപ്പയെ മാറ്റിയാൽ 2023-ൽ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും നേതൃത്വം മുന്നറിയിപ്പ് നൽകുന്നു. താൻ ബിജെപിയുടെ വിശ്വസ്തനായ പ്രവർത്തകനാണെന്നും, തനിക്ക് വേണ്ടിയുള്ള പ്രതിഷേധങ്ങൾ ഒഴിവാക്കണമെന്നും ഇന്നലെ യെദിയൂരപ്പ ട്വീറ്റ് ചെയ്തിരുന്നു. ഇതിനിടയിലും യെദിയൂരപ്പയെ മാറ്റരുതെന്ന ശക്തമായ താക്കീതുമായി രംഗത്തെത്തുകയാണ് ലിംഗായത്ത് നേതൃത്വം. 

ദക്ഷിണേന്ത്യയിലെ ഏക ബിജെപി മുഖ്യമന്ത്രിയായ ബി എസ് യെദിയൂരപ്പ, സാമുദായികനേതാക്കളുടെ പിന്തുണ നേടാനുള്ള കടുത്ത പരിശ്രമത്തിലാണ്. സ്വന്തം പാർട്ടിയിലെ മന്ത്രിമാരടക്കം കടുത്ത എതിർപ്പുമായി രംഗത്തെത്തിയ പശ്ചാത്തലത്തിൽ കഴിഞ്ഞയാഴ്ച ബിജെപി കേന്ദ്രനേതൃത്വം യെദിയൂരപ്പയെ ദില്ലിക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ സ്ഥാനമൊഴിയേണ്ടി വരുമെന്ന സൂചനകളെക്കുറിച്ച് ചോദിച്ചപ്പോൾ, ''ആ കേൾക്കുന്ന റിപ്പോർട്ടുകളെല്ലാം പൂർണമായും തെറ്റാണ്. എല്ലാ റിപ്പോർട്ടുകളും, എല്ലാം എല്ലാം എല്ലാം'', എന്നായിരുന്നു യെദിയൂരപ്പയുടെ മറുപടി. 

78 പിന്നിട്ട യെദിയൂരപ്പയെ മുന്‍നിർത്തി അടുത്ത തിരഞ്ഞെടുപ്പ് നേരിടാനാകില്ലെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. പുതിയ നേതാവിനെ ഉയർത്തിക്കാണിക്കണം. നിർണായക ശക്തിയായ ലിംഗായത്ത്, വൊക്കലിംഗ സമുദായങ്ങളെ ഒപ്പം നിർത്തണം. ഏറ്റവും മുതിർന്ന ലിംഗായത്ത് നേതാവായ യെദിയൂരപ്പയെ അതുകൊണ്ടുതന്നെ പിണക്കാനാകില്ല.  യെദിയൂരപ്പയുടെ മകനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ബിഎസ് വിജയേന്ദ്രയുടെ ഇടപെടലുകൾക്കെതിരെ പാർട്ടിക്കുള്ളില്‍നിന്നും നേരത്തെ തന്നെ എതിർപ്പ് പരസ്യമായിരുന്നു. മന്ത്രിമാരടക്കം ഗവർണറെയും കേന്ദ്രനേതൃത്വത്തെയും നിരന്തരം പരാതിയും അറിയിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്തായിരിക്കും നേതൃമാറ്റത്തില്‍ ദില്ലിയിൽ നിന്നുള്ള അന്തിമ തീരുമാനം.

2019 ജൂലൈയിൽ കോൺഗ്രസ് - ജെഡിഎസ് സഖ്യസർക്കാർ താഴെ വീണതോടെ, അധികാരമേറ്റ യെദിയൂരപ്പ, രണ്ട് വർഷമായി അധികാരത്തിൽ തുടരുകയാണ്. എംഎൽഎയായ ബസനഗൗഡ പാട്ടീൽ യത്നാൽ, ടൂറിസം മന്ത്രി സി പി യോഗേശ്വർ, എംഎൽസി എ എച്ച് വിശ്വനാഥ് എന്നിവർ തന്നെ പരസ്യമായി നേരിട്ട് യെദിയൂരപ്പയ്ക്ക് എതിരെ പ്രസ്താവനകൾ നടത്തിയിരുന്നു. പാർട്ടി അച്ചടക്ക നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും നേതാക്കൾ പരസ്യമായി എതിർപ്പുയർത്തുന്നത് തുടർന്നു. യെദിയൂരപ്പയല്ല, പകരം മകൻ ബി എസ് വിജയേന്ദ്രയാണ് പാർട്ടിയും സർക്കാരും നയിക്കുന്നതെന്നും യത്നാൽ അടക്കമുള്ളവർ ആരോപിക്കുന്നു. 

എന്നാൽ സംസ്ഥാനത്തെ 16 ശതമാനത്തോളം വരുന്ന വീരശൈവ - ലിംഗായത്ത് സമൂഹം ഒപ്പമാണെന്നത് യെദിയൂരപ്പയ്ക്ക് ആശ്വാസമാണ്. പാർട്ടിക്കുള്ളിൽ നിന്നുയരുന്ന പ്രതിഷേധങ്ങളും സമുദായനേതൃത്വങ്ങളുടെ മുന്നറിയിപ്പും ബിജെപി എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യം ഇനി കണ്ടറിയണം.