മതനേതാവ് അദ്നാന്‍ ഒക്തറിന് 8658 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച് തുർക്കി

തന്റെ തന്നെ ആരാധനാ ഗ്രൂപ്പിലെ അംഗങ്ങളുടെ മേലുള്ള ലൈംഗികാതിക്രമം അടക്കമുള്ള ആരോപണങ്ങളിലെ പുനര്‍വിചാരണയിലാണ് ഇസ്താംബൂളിലെ കോടതിയുടെ സുപ്രധാന വിധി.

മതനേതാവ് അദ്നാന്‍ ഒക്തറിന് 8658 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച് തുർക്കി

പ്രാസംഗികനും മതനേതാവുമായ അദ്നാന്‍ ഒക്തറിന് തുര്‍ക്കിയിലെ കോടതി 8658 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ, സാമ്പത്തിക തട്ടിപ്പ്, ചാരവൃത്തി എന്നീ കുറ്റങ്ങളുടെ പേരിലാണ് അദ്നാന്‍ ഒക്തറിന് 8658 വര്‍ഷം തടവ് വിധിച്ചത്. നേരത്തെ 1075 വര്‍ഷത്തേക്കായിരുന്നു ഒക്തറിനെ ശിക്ഷയ്ക്ക് വിധിച്ചത്. അതാണ് ഇപ്പോൾ 8658 വര്‍ഷമായി വർധിപ്പിച്ചത്. 2018ല്‍ ഒക്തറിന്‍റെ നൂറ് കണക്കിന് അനുനായികളെ അറസ്റ്റ് ചെയ്തിരുന്നു. ഇസ്ലാം മതത്തിന്‍റെ പേരില്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങളുടെ ഭാഗമായെന്നതിന്‍റെ പേരിലായിരുന്നു അറസ്റ്റ്. ഒക്തറിന്‍റെ ചാനലും അന്ന് അടച്ച് പൂട്ടിയിരുന്നു. 

തന്റെ തന്നെ ആരാധനാ ഗ്രൂപ്പിലെ അംഗങ്ങളുടെ മേലുള്ള ലൈംഗികാതിക്രമം അടക്കമുള്ള ആരോപണങ്ങളിലെ പുനര്‍വിചാരണയിലാണ് ഇസ്താംബൂളിലെ കോടതിയുടെ സുപ്രധാന വിധി. പൂച്ചക്കുട്ടികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന യുവതികളുടെ വലയത്തിനുള്ളിലായിരുന്നു ഒക്തറിനെ മിക്കപ്പോഴും കാണാന്‍ സാധിച്ചിരുന്നത്. രാഷ്ട്രീയപരമായും മതപരമായുമുള്ള കാര്യങ്ങൾ വിശദീകരിക്കാനെത്തുമ്പോൾ അല്‍പ വസത്രധാരികളായ ഈ യുവതികളുടെ സാന്നിധ്യം ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു.

ഒക്തറിന്റെ അനുയായികളായ 236 പേര്‍ക്കൊപ്പം നടന്ന വിചാരണയിലാണ് ഇയാൾക്ക് ഇത്രയധികം വർഷത്തെ തടവ് ശിക്ഷ വിധിക്കുന്നത്. പുതിയ കോടതി വിധിപ്രകാരം അദ്നാന്‍ ഒക്തറിന്റെ 891 വര്‍ഷത്തെ തടവ് വ്യക്തിപരമായി ചെയ്ത കുറ്റകൃത്യത്തിനും ശേഷിച്ച വര്‍ഷങ്ങള്‍ അനുനായികള്‍ ചെയ്ത കുറ്റങ്ങള്‍ക്കുമാണ്. സ്വന്തം ചാനലിലൂടെ നടത്തിയ പ്രഭാഷണങ്ങളിലൂടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തുര്‍ക്കിയില്‍ ഏറെ പ്രശസ്തനായിരുന്നു ഒക്തര്‍.