അബുദാബി ഡ്രോണ്‍ ആക്രമണം; മരിച്ച ഇന്ത്യക്കാരെ തിരിച്ചറിഞ്ഞെന്ന് എംബസി

അബുദാബി സ്ഫോടനത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കിയ ഇന്ത്യന്‍ എംബസി ഇവര്‍ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്നത് അടക്കമുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അബുദാബി ഡ്രോണ്‍ ആക്രമണം; മരിച്ച ഇന്ത്യക്കാരെ തിരിച്ചറിഞ്ഞെന്ന് എംബസി

അബുദാബി: തിങ്കളാഴ്‍ച രാവിലെ അബുദാബിയിലുണ്ടായ ഹൂതി ആക്രമണത്തില്‍ (UAE Houthi attack) മരിച്ചവരെ തിരിച്ചറിഞ്ഞതായി അബുദാബിയിലെ ഇന്ത്യന്‍ എംബസി (Indian Embassy in Abu Dhabi) അറിയിച്ചു. ഇവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടുവരികയാണെന്നും മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ അഡ്‍നോക് (Adnoc) ഉള്‍പ്പെടെയുള്ള  യുഎഇ അധികൃതരുമായി ചേര്‍ന്ന് നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നും എംബസി ട്വീറ്റ് ചെയ്‍തു.

മരിച്ചവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എംബസിയോ യുഎഇ അധികൃതരോ പുറത്തുവിട്ടിട്ടില്ല. രണ്ട് ഇന്ത്യക്കാര്‍ക്ക് പുറമെ ഒരു പാകിസ്ഥാന്‍ സ്വദേശിയും മുസഫയില്‍ എണ്ണ ടാങ്കറുകള്‍ക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മരിച്ചിരുന്നു. മൂന്ന് പേരും അഡ്‍നോക്കിലെ ജീവനക്കാരാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ ആറ് പേരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരണെന്നും എംബസി സ്ഥിരീകരിച്ചു. ഇവരെ കഴിഞ്ഞ ദിവസം രാത്രി തന്നെ ആശുപത്രിയില്‍ നിന്ന് ഡിസ്‍ചാര്‍ജ് ചെയ്‍തു.
 

തിങ്കളാഴ്‍ച രാവിലെയാണ് അബുദാബിയില്‍ രണ്ടിടങ്ങളില്‍ സ്‍ഫോടനമുണ്ടായത്. രാവിലെ 10 മണിയോടെ മുസഫയിലും അബുദാബി വിമാനത്താവളത്തിന് സമീപത്തുള്ള നിര്‍മാണ മേഖലയിലുമായിരുന്നു സ്‍ഫോടനങ്ങള്‍. മുസഫയില്‍  മൂന്ന് പേര്‍ മരണപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും  ചെയ്‍തു. മുസഫയിൽ അഡ്നോക്കിന്റെ സംഭരണ ശാലയ്ക്ക് സമീപമുള്ള ഐസിഎഡി3ല്‍ മൂന്ന് എണ്ണ ടാങ്കറുകളാണ് പൊട്ടിത്തെറിച്ചത്. ഉടന്‍ തന്നെ തീ പിടുത്തം നിയന്ത്രണ വിധേയമാക്കാന്‍ അധികൃതര്‍ക്ക് സാധിച്ചു.

യെമനിലെ ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണമാണ് സ്‍ഫോടനങ്ങള്‍ക്ക് കാരണമായതെന്ന് തിങ്കളാഴ്‍ച രാത്രിയോടെ യുഎഇ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഭീകരാക്രമണത്തോടും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളോടും പ്രതികരിക്കാന്‍ യുഎഇക്ക് എല്ലാ അവകാശവുമുണ്ടെന്ന് വിദേശകാര്യ - അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അബുദാബിയില്‍ ഹൂതികള്‍ നടത്തിയ ആക്രമണത്തെ സുതാര്യമായും ഉത്തരവാദിത്തതോടുമാണ് യുഎഇ കൈകാര്യം ചെയ്യുന്നതെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്‍ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ് ട്വിറ്ററില്‍ കുറിച്ചു. മേഖലയുടെ സുരക്ഷയും സുരക്ഷിതത്വവും ഇല്ലാതാക്കാന്‍ ഹൂതികള്‍ക്ക് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.