യൂസഫലിയുടെ ഇടപെടൽ ഫലം കണ്ടു സൗദിയിൽ നിന്ന് ബാബുവിന്റെ മൃതദേഹം എത്തി; സംസ്കാരം ഇന്ന്

യൂസഫലിയുടെ ഇടപെടൽ ഫലം കണ്ടു സൗദിയിൽ നിന്ന് ബാബുവിന്റെ മൃതദേഹം എത്തി; സംസ്കാരം ഇന്ന്

നെടുമങ്ങാട് ∙ സൗദിയിൽ ജോലിക്കിടെ അപകടത്തിൽ മരിച്ച കരകുളം ചെക്കക്കോണം കോഴിയോട് ബാബു സദനത്തിൽ ബാബു(46)ന്റെ മൃതദേഹം ഇന്ന് പുലർച്ചെ വീട്ടിലെത്തിക്കും. ലോക കേരള സഭയുടെ ഭാഗമായ ഓപ്പൺ ഫോറം  ഉദ്ഘാടനം ചെയ്യാൻ എത്തിയ നോർക്ക റൂട്സ് വൈസ് ചെയർമാൻ എംഎ യൂസഫലിയുടെ ഇടപെടലിനെ തുടർന്നാണ് മൃതദേഹം  നാട്ടിലെത്തിക്കാനുള്ള. നടപടി  വേഗത്തിലായത്.  യൂസഫലിയോട് ബാബുവിന്റെ മകൻ മാർ ഇവാനിയോസ് കോളജ്  വിദ്യാർഥി എബിൻ സമ്മേളന വേദിയിൽ സഹായം അഭ്യർഥിച്ചതും  മൈക്കിന് മുന്നിൽ നിന്നു തന്നെ യൂസഫലി സൗദിയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഫോണിൽ ബന്ധപ്പെട്ട് ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ടതും വാർത്തയായിരുന്നു. ഇതു കഴിഞ്ഞ് അഞ്ചു ദിവസത്തിനുള്ളിലാണ് മൃതദേഹം നാട്ടിലെത്തുന്നത്. സൗദിയിൽ 11 വർഷമായി ജോലി ചെയ്യുന്ന ബാബു 3 വർഷം മുമ്പായിരുന്നു അവസാനമായി നാട്ടിൽ എത്തിയത്. 9ന് രാവിലെ വീട്ടുകാരുമായി വീഡിയോ കോളിൽ സംസാരിച്ച ശേഷം ജോലിക്ക് പോയ ബാബുവിനെ പിന്നീട്  ബന്ധപ്പെടാൻ ആയില്ല. കൂടെ ജോലി ചെയ്യുന്ന ആൾ ആണ്  ബാബു അപകടത്തിൽ മരിച്ച വിവരം രണ്ടു ദിവസം കഴിഞ്ഞ് അറിയിക്കുന്നത്. സ്പോൺസർ ഇല്ലാത്തതിനാൽ മൃതദേഹം നാട്ടിൽ എത്തിക്കാൻ ബുദ്ധിമുട്ട് ആണെന്നും അറിയിച്ചതോടെ എംബസിയുമായി ബന്ധപ്പെടാൻ ശ്രമിച്ചു..

നോർക്കയിൽ അപേക്ഷ നൽകിയിട്ടും നടപടി ആകാത്തതിനാലാണ് ലോക കേരള സഭയിൽ യൂസഫലി ഉണ്ടെന്ന് അറിഞ്ഞ് പ്രവാസി സംഘം നേതാവ് സജീവിനൊപ്പം എബിൻ സമ്മേളന വേദിയിൽ എത്തിയതും സഹായം തേടിയതും രാത്രി 10ന് കൊച്ചി വിമാനത്താവളത്തിൽ ബാബുവിന്റെ മൃതദേഹം മകൻ എബിനും ബന്ധുക്കളും പ്രവാസി സംഘം കരകുളം ലോക്കൽ കമ്മിറ്റി പ്രസിഡന്റ് എസ് സജീറും ചേർന്ന് ഏറ്റുവാങ്ങി . കോഴിയോട് മലങ്കര കത്തോലിക്ക ചർച്ചിൽ ഇന്ന് രാവിലെ 7 മണിക്ക് സംസ്കാരം നടക്കും.  വിപിൻ ആണ് മറ്റൊരു മകൻ. ഭാര്യ ഉഷ.