റഷ്യയുടെ പ്രകൃതിവാതക നീക്കം തടഞ്ഞ് യുക്രൈൻ

തെക്കൻ റഷ്യയിലെ സൊഖറാനോവ്കയിൽ നിന്ന് യുക്രൈനിൽ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തുകൂടി റഷ്യ യൂറോപ്പിലേക്ക് പ്രകൃതിവാതകം കയറ്റുമതി ചെയ്യുന്നതാണ് യുക്രൈൻ തടഞ്ഞത്.

റഷ്യയുടെ പ്രകൃതിവാതക നീക്കം തടഞ്ഞ് യുക്രൈൻ

റഷ്യയുടെ നേതൃത്വത്തിൽ യുക്രൈൻ വഴി പടിഞ്ഞാറൻ യൂറോപ്പിലേക്ക് നൽകിയിരുന്ന പ്രകൃതിവാതക നീക്കം യുക്രൈൻ തടഞ്ഞു. ഇതിന്റെ ഫലമായി റഷ്യയുടെ യൂറോപ്പിലേക്കുള്ള പ്രകൃതിവാതക കയറ്റുമതിയുടെ നാലിലൊന്ന് ഭാ​ഗവും മുടങ്ങുമെന്നാണ് അറിയുന്നത്. യുക്രൈന്റെ അപ്രതീക്ഷിത നീക്കം റഷ്യയ്ക്ക് വൻ തിരിച്ചടിയാണ്. തെക്കൻ റഷ്യയിലെ സൊഖറാനോവ്കയിൽ നിന്ന് യുക്രൈനിൽ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തുകൂടി റഷ്യ യൂറോപ്പിലേക്ക് പ്രകൃതിവാതകം കയറ്റുമതി ചെയ്യുന്നതാണ് യുക്രൈൻ തടഞ്ഞത്.

റഷ്യൻ സേനയുടെ നിയന്ത്രണത്തിൽ നിന്ന് ഹർകീവിലെ 4 ഗ്രാമങ്ങൾ കൂടി യുക്രൈൻ തിരിച്ചുപിടിച്ചിട്ടുണ്ട്. റഷ്യയുടെ യുദ്ധ ടാങ്കുകൾ തകർത്ത് ഡോണറ്റ് നദിക്കരയിലൂടെയുള്ള മുന്നേറ്റം യുക്രൈൻ സേന തടഞ്ഞു. യുദ്ധം ആരംഭിച്ചതിന് ശേഷം, യുക്രൈൻ നാഷണൽ ഗാർഡിലെ 561 സൈനികർ കൊല്ലപ്പെട്ടതായി യു.എൻ.ജി മേധാവി അറിയിച്ചു. ഫെബ്രുവരി 24ന് ആരംഭിച്ച ആക്രമണത്തിൽ 1,697 സൈനികർക്ക് പരുക്കേറ്റിട്ടുണ്ടെന്നും ഒലെക്‌സി നഡ്‌ടോച്ചി പറഞ്ഞു.

ഏപ്രിൽ പകുതിയോടെ 2,500 മുതൽ 3,000 യുക്രൈൻ സൈനികരാണ് കൊല്ലപ്പെട്ടത്. 10,000ത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇവരിൽ എത്രപേർ അതിജീവിക്കുമെന്ന് പറയാൻ പ്രയാസമാണെന്നും ഒലെക്‌സി കൂട്ടിച്ചേർത്തു. 2014 മാർച്ചിലാണ് യുക്രൈൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഗാർഡ് രൂപീകരിച്ചത്. ക്രിമിയയിലെ കരിങ്കടൽ പെനിൻസുലയുടെ നിയന്ത്രണം റഷ്യ പിടിച്ചെടുക്കുകയും, യുക്രൈനിന്റെ കിഴക്കൻ അതിർത്തിയിൽ സൈന്യത്തെ കൂട്ടുകയും ചെയ്തതിന് പിന്നാലെയായിരുന്നു ഇത്.

യുദ്ധത്തിൽ സംഭവിച്ച നഷ്ടങ്ങളെക്കുറിച്ച്, ഇരു രാജ്യങ്ങളും വാചാലരാകുന്നതിനിടെയാണ് നാഷണൽ ഗുർഡ് മേധാവിയുടെ പുതിയ കണക്കുകൾ. യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരെക്കുറിച്ചുള്ള കണക്കുകൾ വളരെ അപൂർവമായി മാത്രമേ യുക്രൈൻ പുറത്തുവിട്ടിട്ടുള്ളൂ എന്നത് ശ്രദ്ധേയമാണ്. കീവിലെ പ്രതിരോധ മന്ത്രാലയമോ, മോസ്കോയിലെ പ്രതിരോധ മന്ത്രാലയമോ സ്വന്തം സൈനികനഷ്ടത്തെക്കുറിച്ച് ഒരു വിവരവും നൽകിയിട്ടില്ല.