പിഗ്മി ഏജന്റിനെ തലക്കടിച്ച് വീഴ്ത്തി പണം കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ

പിഗ്മി ഏജന്റിനെ തലക്കടിച്ച് വീഴ്ത്തി പണം കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ


മുള്ളേരിയ: പിഗ്മി ഏജന്റിനെ തലക്കടിച്ച് വീഴ്ത്തി പണം കവർന്ന കേസിലും മലഞ്ചരക്ക് കട കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിലും രണ്ട് പേർ അറസ്റ്റിൽ. മുളിയാർ ബാലനടുക്കം സ്വദേശിയും ബോവിക്കാനത്ത് ക്വാർട്ടേഴ്‌സിൽ താമസക്കാരനുമായ മുഹമ്മദ് റഫീഖ് (26), അമ്മംങ്കോട് സ്വദേശി നൗഫൽ അലി (19) എന്നിവരെയാണ് ആദൂർ എസ്.ഐമാരായ വിനോദ്കുമാർ, ഭാസ്‌കരൻ നായർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഈ മാസം നാലിന് രാത്രി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ബോവിക്കാനം ബ്രാഞ്ചിലെ പിഗ്മി ഏജന്റ് എട്ടാംമൈലിലെ രാമകൃഷ്ണൻ ആചാരി(73)യെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ബൈക്കിലെത്തിയ സംഘം തലക്കടിച്ച് വീഴ്ത്തി 23,000 രൂപയും മറ്റു രേഖകളുമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് കടന്ന് കളയുകയായിരുന്നു. കഴിഞ്ഞ മാസം 29ന് രാത്രിയാണ് പേരടുക്ക സ്വദേശി സനോജിന്റെ ഉടമസ്ഥതയിൽ ബോവിക്കാനം ടൗണിൽ പ്രവർത്തിക്കുന്ന മലഞ്ചരക്ക് കട കുത്തിത്തുറന്ന് രണ്ട് കിന്റൽ അടക്കയും 25 കിലോ കുരുമുളകും കവർന്നത്. പിഗ്മി ഏജന്റിനെ തലക്കടിച്ച് വീഴ്ത്തി പണം കവർന്ന കേസിൽ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെയാണ് മലഞ്ചരക്ക് കടയിലെയും കവർച്ചക്ക് തുമ്പുണ്ടായത്. സിവിൽ പൊലീസ് ഓഫീസർമാരായ ചന്ദ്രൻ കുറ്റിക്കോൽ, ഗുരുരാജ്, അജയ് വിൽസൺ, സുരേഷ് പാണത്തൂർ, ഉതേഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.