മംഗളുരു വിമാനത്താവളത്തിൽ നിന്ന് 1.36 കോടിയുടെ സ്വർണ്ണവുമായി രണ്ട് കാസർകോട് സ്വദേശികൾ പിടിയിൽ

ഉപ്പള സ്വദേശിനിയും മുംബൈയിൽ താമസക്കാരിയുമായ സീനത്ത് ബാനു, നീലേശ്വരം കോട്ടപ്പുറത്തെ മുഹമ്മദ് ഇക്ബാൽ എന്നിവരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്.

മംഗളുരു വിമാനത്താവളത്തിൽ നിന്ന് 1.36 കോടിയുടെ സ്വർണ്ണവുമായി രണ്ട് കാസർകോട് സ്വദേശികൾ പിടിയിൽ

മംഗളൂരു: ദുബായിൽ നിന്ന് മംഗളൂരു അന്താരാഷ്ട്രവിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.36 കോടി രൂപയുടെ സ്വർണവുമായി കാസർകോട് ഉപ്പള സ്വദേശിനിയും നീലേശ്വരം സ്വദേശിയും കസ്റ്റംസിന്റെ പിടിയിലായി. ഉപ്പള സ്വദേശിനിയും മുംബൈയിൽ താമസക്കാരിയുമായ സീനത്ത് ബാനു(45), നീലേശ്വരം കോട്ടപ്പുറത്തെ മുഹമ്മദ് ഇക്ബാൽ (47) എന്നിവരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. സീനത്ത് ബാനുവിൽ നിന്ന് 86,89,440 രൂപ വിലമതിക്കുന്ന 1.684 കിലോ സ്വർണമാണ് പിടികൂടിയത്. സ്വർണം പേസ്റ്റ് രൂപത്തിലാക്കി സാനിറ്ററി പാഡിനുള്ളിൽ വെച്ച് അടിവസ്ത്രത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിക്കുകയായിരുന്നു. 4,97,424 രൂപ വിലമതിക്കുന്ന 964 ഗ്രാം സ്വർണമാണ് മുഹമ്മദ് ഇക്ബാലിൽ നിന്ന് പിടികൂടിയത്.

സ്വർണം സെല്ലോയ്ഡ് ടേപ്പിലും ഗർഭനിരോധന ഉറയിലും പൊതിഞ്ഞ് നാല് ഗോളങ്ങളാക്കി ശരീരത്തിനുള്ളിൽ ഒളിച്ചുകടത്താൻ ശ്രമിക്കുകയായിരുന്നു. സീനത്ത് ബാനുവും മുഹമ്മദ് ഇക്ബാലും ചൊവ്വാഴ്ച ദുബായിൽ നിന്ന് വന്ന എയർ ഇന്ത്യ എക്സ്പ്രസിൽ യാത്രക്കാരായിരുന്നു. കസ്റ്റംസ് സൂപ്രണ്ടുമാരായ കെ സന്തോഷ്‌കുമാർ, എം ലളിതരാജ്, വി.എസ് അജിത്കുമാർ, പ്രീതിസുമ, ഹരിമോഹൻ, വിരാഗ് ശുക്ല എന്നിവരുടെ നേതൃത്വത്തിലാണ് ഇരുവരെയും പരിശോധിച്ചത്. തുടർന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം രണ്ടുപേരെയും ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കി.