ഒരുമിച്ച് ചേർന്ന് യുദ്ധവിമാനം പറത്തി അച്ഛനും മകളും ഇത് ചരിത്രമുഹൂർത്തം

അനന്യ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിടെക് പൂർത്തിയാക്കിയിട്ടുണ്ട്. 2021 ഡിസംബറിലാണ് യുദ്ധവിമാന പൈലറ്റായി അവൾ യോഗ്യത നേടുന്നത്.

ഒരുമിച്ച് ചേർന്ന് യുദ്ധവിമാനം പറത്തി അച്ഛനും മകളും   ഇത് ചരിത്രമുഹൂർത്തം

രാജ്യത്തിന്റെ വ്യോമയാന ചരിത്രത്തിൽ ആദ്യമായി ഒരു അച്ഛനും മകളും ഒരുമിച്ച് ചേർന്ന് ഒരു യുദ്ധവിമാനം പറത്തി. എയർ കമ്മഡോർ സഞ്ജയ് ശർമ്മയും മകൾ ഫ്ലയിംഗ് ഓഫീസർ അനന്യ ശർമ്മയുമാണ് വിമാനം ഓടിച്ചത്. മെയ് 30 -ന് കർണാടകയിലെ ബിദറിൽ വച്ചായിരുന്നു സംഭവം. ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥനും, മകളും യൂണിഫോം ധരിച്ച് യുദ്ധവിമാനത്തിന് മുന്നിൽ നിൽക്കുന്ന ഒരു ഫോട്ടോ ഇന്റർനെറ്റിൽ ഇപ്പോൾ വൈറലാണ്.  

ഹോക്ക്-132 വിമാനത്തിൽ കയറിയാണ് അവർ ചരിത്രപരമായ ഈ യാത്ര നടത്തിയതെന്ന് ഐഎഎഫ് പറഞ്ഞു. "പിതാവും മകളും ഒരേ യുദ്ധവിമാനത്തിന്റെ ഭാഗമായ ഒരു സംഭവം ഐഎഎഫ്‌ ചരിത്രത്തിൽ മുമ്പ് ഉണ്ടായിട്ടില്ല. സഞ്ജയും, അനന്യയും അച്ഛനും മകളും മാത്രമല്ല. അവർ സഹപ്രവർത്തകർ കൂടിയായിരുന്നു. പരസ്‌പരം പൂർണമായി വിശ്വസിച്ചിരുന്ന സഖാക്കൾ” ഐഎഎഫ് പ്രസ്താവനയിൽ പറഞ്ഞു. എയർ കമ്മഡോർ സഞ്ജയ് ശർമ്മ 1989 -ലാണ് ഐഎഎഫിന്റെ ഫൈറ്റർ വിമാനത്തിന്റെ പൈലറ്റാകുന്നത്. ഒരു മിഗ്-21 വിമാനത്തിന്റെയും, ഒരു മുൻനിര ഫൈറ്റർ സ്റ്റേഷന്റെയും കമാൻഡറാണ് അദ്ദേഹം. യുദ്ധവിമാന പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന് വിപുലമായ അറിവും, അനുഭവ പരിചയവുമുണ്ട്. 

അനന്യ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിടെക് പൂർത്തിയാക്കിയിട്ടുണ്ട്. 2021 ഡിസംബറിലാണ് യുദ്ധവിമാന പൈലറ്റായി അവൾ യോഗ്യത നേടുന്നത്. 2016 മുതലാണ് ഐഎഎഫിന്റെ യുദ്ധവിമാനം സ്ത്രീകൾക്കായി തുറന്നുകൊടുത്തത്. ആദ്യ ബാച്ചിൽ അവളുൾപ്പടെ മൂന്ന് വനിതാ പൈലറ്റുമാരുണ്ടായിരുന്നു. അതിനുശേഷം, ഐ‌എ‌എഫിന്റെ യുദ്ധവിമാന മേഖലയിലേക്ക് 15 സ്ത്രീകൾ കൂടി കടന്ന് വന്നു. ചിലർ ഇപ്പോൾ തന്നെ മിഗ്-21, സുഖോയ്-30, എം‌കെ‌ഐ പോലുള്ള സൂപ്പർസോണിക് ജെറ്റുകളും പുതിയ റാഫേലുകളും പറത്തുന്നു.

അനന്യയാകട്ടെ ഇപ്പോൾ ബിദറിൽ പരിശീലനത്തിലാണ്. തന്റെ ചിരകാല സ്വപ്നം സാധ്യമായതിന്റെ സന്തോഷത്തിലായിരുന്നു അവൾ ഇപ്പോൾ. "കുട്ടിക്കാലത്ത്, എന്തുകൊണ്ടാണ് വനിതാ യുദ്ധവിമാന പൈലറ്റുമാരില്ലാത്തത് എന്ന് ഞാൻ പലപ്പോഴും എന്റെ അച്ഛനോട് ചോദിക്കാറുണ്ട്. അദ്ദേഹം അപ്പോൾ എന്നോട് പറയുമായിരുന്നു, 'വിഷമിക്കേണ്ട, നീ അതിൽ ഒന്നാകും' " അനന്യ പറഞ്ഞു. എയർ കമ്മഡോർ ശർമ്മയും മകളുടെ ഈ നേട്ടത്തിൽ അഭിമാനിക്കുന്നു. 

"അനന്യ എപ്പോഴും പറയുമായിരുന്നു, 'പപ്പാ, എനിക്കും നിങ്ങളെപ്പോലെ ഒരു യുദ്ധവിമാനം പറത്തണം'. മെയ് 30 -ന് ബീദറിൽ ഹോക്ക് എയർക്രാഫ്റ്റിൽ ഞങ്ങൾ ഇരുവരും ഒരുമിച്ച് പറന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ, അഭിമാനകരമായ ദിവസം" അദ്ദേഹം പറയുന്നു. ഫ്ലൈയിംഗ് ഓഫീസർ അനന്യയും എയർ കമ്മഡോർ സഞ്ജയ് ശർമ്മയും കൈവരിച്ച ചരിത്രനേട്ടത്തിന്റെ ചിത്രം ഐഎഎഫാണ് ട്വിറ്ററിൽ പങ്കുവെച്ചത്. പിന്നാലെ അച്ഛനും, മകൾക്കും ഇൻറർനെറ്റിൽ അഭിനന്ദന പ്രവാഹമായിരുന്നു.