റോഡിന്റെ പാർശ്വഭിത്തി ഉദ്ഘാടനത്തിനുമുൻപ്‌ തകർന്നു

റോഡിന്റെ പാർശ്വഭിത്തി ഉദ്ഘാടനത്തിനുമുൻപ്‌ തകർന്നു

ബോവിക്കാനം : റോഡിന്റെ കരിങ്കല്ലിൽ കെട്ടിയുയർത്തിയ പാർശ്വഭിത്തി ഉദ്ഘാടനത്തിനുമുൻപ്‌ തകർന്നു. ജനകീയ മുറവിളിക്കൊടുവിൽ തുടങ്ങിയ ബോവിക്കാനം എട്ടാംമൈൽ-മല്ലം റോഡിന്റെ തുടക്കത്തിൽ വയലിലൂടെ പോകുന്ന ഭാഗത്തെ പാർശ്വഭിത്തിയാണ് ചൊവ്വാഴ്ച ഉച്ചയോടെ ഇടിഞ്ഞത്. നൂറുമീറ്ററോളം നീളമുള്ള പാർശ്വഭിത്തിയുടെ 10 മീറ്ററോളം ഭാഗം ഇടിഞ്ഞിട്ടുണ്ട്.......
വയലിന് നടുവിലൂടെ പോകുന്ന റോഡിൽ മൂന്നരമീറ്ററോളം ഉയരത്തിലാണ് പാർശ്വഭിത്തി പണിതത്. മെക്കാഡം ടാർചെയ്ത്‌ കിടക്കുന്ന ഭാഗത്തോളം ഇടിഞ്ഞിട്ടുണ്ട്. ബസുൾപ്പെടെ നിരവധി വാഹനങ്ങൾ പോകുന്ന റോഡാണിത്. വെള്ളം കെട്ടിനിൽക്കുന്ന വയലിൽ പാർശ്വഭിത്തി കെട്ടുമ്പോൾ താഴെഭാഗം കോൺക്രീറ്റ് ചെയ്യാത്തതാണ് തകരാൻ കാരണമെന്ന് ആരോപിക്കുന്നു. നിർമാണത്തിന് ഗുണമേന്മയില്ലാത്ത സിമന്റാണ് ഉപയോഗിച്ചിരുന്നതെന്നും പരാതിയുണ്ടായിരുന്നു. നിർമാണവേളയിൽത്തന്നെ അപാകം പരിസരവാസികൾ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അധികൃതർ അവഗണിക്കുകയായിരുന്നു. പാർശ്വഭിത്തിയുടെ മുകൾഭാഗത്ത് റോഡിൽ വിള്ളൽ രൂപപ്പെട്ടിരുന്നതായും നാട്ടുകാർ പറഞ്ഞു. ജില്ലാപഞ്ചായത്ത് പദ്ധതിയിൽപ്പെടുത്തി രണ്ടുകോടിരൂപ ചെലവിലാണ് ഒന്നര കിലോമീറ്ററോളം ഭാഗത്തെ നവീകരണം നടക്കുന്നത്...