34,615 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ്; ഡിഎച്ച്എഫ്എല്ലിന്റെ മേധാവികൾക്കെതിരെ സി.ബി.ഐ കേസെടുത്തു

34,615 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ്; ഡിഎച്ച്എഫ്എല്ലിന്റെ മേധാവികൾക്കെതിരെ സി.ബി.ഐ കേസെടുത്തു


ഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികൾക്കെതിരെ സി.ബി.ഐ കേസെടുത്തു. ദേവാൻ ഹൗസിംഗ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (ഡിഎച്ച്എഫ്എൽ) എന്ന കമ്പനിയുടെ ഡയറക്ടർമാരായ കപിൽ വാധവാൻ, ധീരജ് വാധവാൻ, വ്യവസായി സുധാകർ ഷെട്ടി എന്നിവർക്കെതിരെയാണ് സി.ബി.ഐ കേസെടുത്തിട്ടുള്ളത്. 17 ബാങ്കുകളിൽ നിന്നായി 34,614 കോടിയുടെ തട്ടിപ്പാണ് നടന്നത്. നിരവധി ബാങ്കുകളിൽ തട്ടിപ്പ് നടത്താൻ പ്രതികൾ ഗൂഢാലോചന നടത്തിയെന്നും സി.ബി.ഐ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് സി.ബി.ഐ 12 സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭവന വായ്പാ സ്ഥാപനമാണ് ഡിഎച്ച്എഫ്എൽ.

രാജ്യത്തെ വിവിധ ബാങ്കുകളിൽ നിന്നായി നടത്തിയ ഈ തട്ടിപ്പ് സംബന്ധിച്ച് 2022ലാണ് സി.ബി.ഐയ്ക്ക് പരാതി ലഭിക്കുന്നത്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയാണ് പരാതി നൽകുന്നത്. ഡിഎച്ച്എഫ്എല്ലിന്റെ അന്നത്തെ ചീഫ് മാനേജിംഗ് ഡയറക്ടർ കപിൽ വാധവാൻ, അന്നത്തെ ഡയറക്ടർ ധീരജ് വാധവാൻ, വ്യവസായി സുധാകർ ഷെട്ടി, മറ്റ് പ്രതികൾ എന്നിവർ യൂണിയൻ ബാങ്കിന്റെ നേതൃത്വത്തിലുള്ള 17 ബാങ്കുകളുടെ കൺസോർഷ്യത്തെ കബളിപ്പിക്കാൻ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആർ പറയുന്നത്. ഡിഎച്ച്എഫ്എല്ലിന്റെ രേഖകളിൽ കൃത്രിമം കാണിച്ച് ഫണ്ടിന്റെ ഗണ്യമായ ഒരു ഭാഗം തട്ടിയെടുക്കുകയും തിരിച്ചടവിൽ വീഴ്ച വരുത്തിയും 34, 615 രൂപയുടെ നഷ്ടം  ബാങ്കുകൾക്ക് വരുത്തിയതായും സി.ബി.ഐ കണ്ടെത്തിയിരുന്നു.