രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രം ‘ആര്‍ആര്‍ആര്‍’ 1000 കോടി ക്ലബിൽ
ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ നിന്ന് ആയിരം കോടി എന്ന സ്വപ്‌ന നേട്ടം കൈവരിച്ചതിന് പിന്നാലെ വമ്പന്‍ ആഘോഷമാണ് ‘ആര്‍ആര്‍ആര്‍’ ടീം ഒരുക്കിയത്.

എസ്‌എസ് രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രം ‘ആര്‍ആര്‍ആര്‍’ ആയിരം കോടിയെന്ന റെക്കോർഡ് നേട്ടത്തിലെത്തി. ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ നിന്ന് ആയിരം കോടി എന്ന സ്വപ്‌ന നേട്ടം കൈവരിച്ചതിന് പിന്നാലെ വമ്പന്‍ ആഘോഷമാണ് ‘ആര്‍ആര്‍ആര്‍’ ടീം ഒരുക്കിയത്. ലോക വ്യാപക കളക്ഷനില്‍ നിന്ന് 1000 കോടി സ്വന്തമാക്കിയതിന് പുറമേ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് 200 കോടി പിന്നിട്ടിരുന്നു. ഇരട്ടി നേട്ടത്തിന്‍റെ സന്തോഷത്തിലാണ് ‘ആര്‍ആര്‍ആര്‍’ ടീം.
ആഘോഷത്തിനിടെ ചെരുപ്പിടാതെ കറുത്ത വസ്‌ത്രമണിഞ്ഞ് എത്തിയ രാം ചരണും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി. ചെരുപ്പിടാതെ എത്തിയ താരം ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്നതും കാണാം. എന്‍.ടി.ആറും കറുത്ത വസ്‌ത്രമണിഞ്ഞാണ് എത്തിയത്. കഴിഞ്ഞ ദിവസം രാം ചരൺ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് സ്വർണ നാണയങ്ങൾ സമ്മാനമായി നൽകിയിരുന്നു.
പത്ത് ഗ്രാമിന്റെ പതിനെട്ടു ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ നാണയങ്ങളാണ് രാംചരൺ സിനിമയുടെ അണിയറപ്രവർത്തകർക്ക് നൽകിയത്. ക്യാമറാ സഹായികൾ, പ്രൊഡക്‌ഷൻ മാനേജർ, സ്റ്റിൽ ഫൊട്ടോഗ്രാഫർ, പ്രൊഡക്‌ഷൻ മാനേജർമാർ, അക്കൗണ്ടന്റുമാർ തുടങ്ങി ചിത്രത്തിലെ 35 ടെക്‌നീഷ്യന്മാരെയാണ് രാംചരൺ വീട്ടിലേക്ക് ക്ഷണിച്ച് സമ്മാനം നൽകിയത്.
മുംബൈയില്‍ നടന്ന ആഘോഷ ചടങ്ങില്‍ ആമിര്‍ ഖാന്‍ ആണ് മുഖ്യ അതിഥിയായി എത്തിയത്. ജോണി ലെവെർ, മകരന്ദ് ദേശ്പാണ്ഡേ, നടി ഹുമാ ഖുറേഷി, രാജമൗലി, ആര്‍ആര്‍ആര്‍ താരങ്ങളായ രാംചരണ്‍, എന്‍.ടി.ആര്‍ എന്നിവരും ആഘോഷത്തിൽ പങ്കുചേർന്നു. നായികയായെത്തിയ ആലിയാ ഭട്ട് ചടങ്ങിനെത്തിയില്ല. ‘ആര്‍ആര്‍ആര്‍’ മറികടന്നത് രജനികാന്തിന്‍റെ 2.0യുടെ ആകെ കളക്ഷനായ 800 കോടിയെയാണ്.