കാസർകോടിന്റെ അഭിമാനം; ഒരേയൊരു അനശ്വര

കാസർകോടിന്റെ അഭിമാനം; ഒരേയൊരു അനശ്വര

കാഞ്ഞങ്ങാട് : പ്ലസ് ടു പരീക്ഷയിൽ 1200-ൽ 1200 മാർക്ക് കിട്ടിയത് ജില്ലയിൽ അനശ്വരയ്ക്കുമാത്രം. ബാര അടുക്കത്തുവയലിലെ അനശ്വര വിശാൽ കാഞ്ഞങ്ങാട് ബല്ല ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്. പത്താം ക്ലാസിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് കിട്ടിയിട്ടും അനശ്വര ഹ്യുമാനിറ്റീസിന് ചേരുകയായിരുന്നു. എല്ലാ വിഷയത്തിനും എ പ്ലസ് പ്രതീക്ഷിച്ചിരുന്നെങ്കിലും മാർക്ക് നൂറുശതമാനമുണ്ടാകുമെന്ന് കരുതിയില്ലെന്ന് അനശ്വര പറഞ്ഞു. സിവിൽ സർവീസ് പരീക്ഷയിൽ ജേതാവാകാനും കളക്ടറാകാനും മോഹമുണ്ട്. സാമ്പത്തികശാസ്ത്രമാണ് ഇഷ്ടവിഷയം. അതിനാൽ ഇതു സംബന്ധിച്ച ഗവേഷണപഠനത്തെ മുൻനിർത്തി ബിരുദവും ബിരുദാനന്തരബിരുദവും പഠിക്കാനാണ് ആഗ്രഹം. കോവിഡ് കാലത്ത് സ്‌കൂൾ അടച്ചപ്പോൾ പഠനത്തിൽ പിന്നാക്കം പോകുമോയെന്ന് ഭയമുണ്ടായിരുന്നു. എന്നാൽ ഓൺലൈൻ പഠനത്തിന്റെ സാധ്യതയെ അടുത്തറിഞ്ഞപ്പോൾ അത്തരം ഭീതിയൊക്കെ മാറിയെന്നും അനശ്വര പറഞ്ഞു. വിദ്യാനഗർ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. പി. വിശാലാക്ഷന്റെയും പെരിയ പോളിടെക്‌നിക് അധ്യാപിക വി.കെ. നിഷയുടെയും മകളാണ്. സഹോദരി അക്ഷരാ വിശാൽ.