കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മർദനമേറ്റ പ്രേമനൻ മുഖ്യമന്ത്രിക്ക് പരാതി നൽകി

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മർദനമേറ്റ പ്രേമനൻ മുഖ്യമന്ത്രിക്ക് പരാതി നൽകി

കാട്ടാക്കടയിൽ അച്ഛനെയും മകളെയും കെ.എസ്.ആർ.ടി.സി ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ മർദ്ദനമേറ്റ പ്രേമനൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കാണ് പരാതി കൈമാറിയത്. പ്രതികളെ പിടികൂടുന്നത് വൈകുന്നതടക്കം പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയെന്നും സംസ്ഥാന പൊലീസ് മേധാവിക്കു കൂടി പരാതി നൽകുമെന്നും പ്രേമനൻ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിൽ ഒരു കെ.എസ്.ആർ.ടി.സി ജീവനക്കാരനെ കൂടി സസ്പെൻഡ് ചെയ്തു. കാട്ടാക്കട യൂണിറ്റിലെ മെക്കാനിക് എസ്. അജികുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. നേരത്തെ നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. തിരുവനന്തപുരം കാട്ടാക്കടയിൽ പിതാവിനും മകൾക്കും മർദനമേറ്റ സംഭവത്തിൽ പൊലീസിന് വീഴ്ചയുണ്ടായതായി പറയാൻ പറ്റില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു ഇന്നലെ പ്രതികരിച്ചിരുന്നു. കെഎസ്ആർടിസി മാനേജ്‌മെന്റ് പ്രതികളെ ആദ്യമേ സസ്‌പെൻഡ് ചെയ്തു. അച്ചടക്ക നടപടിയെടുക്കുന്നതിന് നിയമപരമായ നടപടിക്രമങ്ങളുണ്ട്. പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കുക എളുപ്പമല്ലെന്നും ഗതാഗതമന്ത്രി പറഞ്ഞു.

കെസ്ആർടിസി ജീവനക്കാരുടെ മർദനമേറ്റ പ്രമേനനോടും മകളോടും സിഎംഡി നേരിട്ട് വിളിച്ച് മാപ്പ് ചോദിച്ചിരുന്നു. സംഭവത്തിൽ ആര്യനാട് സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷരീഫ്, ഡ്യൂട്ടി ഗാർഡ് ആർ.സുരേഷ്, കണ്ടക്ടർ എൻ.അനിൽകുമാർ, അസിസ്റ്റന്റ് മിലൻ ഡോറിച്ച് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

ആമച്ചാൽ സ്വദേശി പ്രേമനനും മകൾക്കുമാണ് കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ വച്ച് ജീവനക്കാരുടെ മർദനമേറ്റത്. മകളുടെ കൺസഷൻ റെന്യു ചെയ്യാൻ എത്തിയതായിരുന്നു പ്രേമനൻ. മൂന്നുമാസം മുൻപ് കോഴ്‌സ് സർട്ടിഫിക്കറ്റ് ഈ ആവശ്യത്തിന് തന്നെ നൽകിയെങ്കിലും വീണ്ടും സർട്ടിഫിക്കറ്റ് വേണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടതോടെയാണ് തർക്കമുണ്ടായത്. ഇത് മർദനത്തിലേക്ക് എത്തുകയായിരുന്നു.