'പ്രണയ ബന്ധത്തെ ചൊല്ലി പൊലീസ് പീഡിപ്പിക്കുന്നു'; കാസർകോട് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ്; താഴെയിറങ്ങി

ഇന്ന് രാവിലെയാണ് പാലക്കുന്നിൽ മൊബൈൽ ടവറിന് മുകളിൽ കയറി ഷൈജു ആത്മഹത്യാ ഭീഷണി മുഴക്കിയത്

'പ്രണയ ബന്ധത്തെ ചൊല്ലി പൊലീസ് പീഡിപ്പിക്കുന്നു'; കാസർകോട് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ്; താഴെയിറങ്ങി

ഉദുമ: കാസർകോട് ജില്ലയിലെ പാലക്കുന്നിൽ മൊബൈൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഷൈജു തിരിച്ചിറങ്ങി. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചതിനാണ് കേസ്. യുവാവ് ഇപ്പോൾ ബേക്കൽ പൊലീസ് സ്റ്റേഷനിലാണ് ഉള്ളത്. തനിക്കൊരു പ്രണയമുണ്ടെന്നും അതറിഞ്ഞ ശേഷം പൊലീസ് നിരന്തരം പീഡിപ്പിക്കുകയാണെന്നും ഷൈജു പ്രതികരിച്ചു. തനിക്കെതിരെ അടുത്തിലെ കള്ളക്കേസുകൾ ചുമത്തി. കാപ്പ ചുമത്തി നാട് കടത്താനാണ് ശ്രമം. സമാധാനപരമായി ജീവിക്കാൻ പൊലീസ് അനുവദിക്കുന്നില്ലെന്നും ഷൈജു ആരോപിച്ചു.

ഇന്ന് രാവിലെയാണ് പാലക്കുന്നിൽ മൊബൈൽ ടവറിന് മുകളിൽ കയറി ഷൈജു ആത്മഹത്യാ ഭീഷണി മുഴക്കിയത്. തന്റെ പേരിലുള്ള കേസുകൾ ഒഴിവാക്കണമെന്നാണ് ആവശ്യപ്പെട്ടാണ് പാലക്കുന്ന് സ്വദേശി ഷൈജു മൊബൈൽ ടവറിന് മുകളിൽ കയറിയത്. കഴുത്തിൽ കയർ കുരുക്കിയാണ് ടവറിന് മുകളിൽ ഷൈജു നിന്നത്. അടിപിടി, മയക്ക് മരുന്ന് ഉൾപ്പടെ പത്തിലധികം കേസുകൾ ഷൈജുവിനെതിരെ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി ഷൈജുവിനെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു. നാട്ടുകാരും വിവരമറിഞ്ഞ് സ്ഥലത്ത് തടിച്ചുകൂടി.