പടന്നക്കാട് കാർഷിക കോളേജ് മാംഗോ ഫെസ്റ്റിന് തുടക്കമായി;

ഇ ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

പടന്നക്കാട് കാർഷിക കോളേജ് മാംഗോ ഫെസ്റ്റിന് തുടക്കമായി;

കാഞ്ഞങ്ങാട് ▪️  പടന്നക്കാട് കാർഷിക കോളേജിന്റെ നേതൃത്വത്തിൽ നടത്തുന്ന മാംഗോ ഫെസ്റ്റ്-2022 ന് തുടക്കമായി. മൂന്ന് ദിവസങ്ങളിലായി കാർഷിക കോളേജ് ക്യാമ്പസിൽ  നടക്കുന്ന ഫെസ്റ്റ് ഇ ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാർഷിക സർവകലാശാലയും കാർഷിക കോളേജ് പടന്നക്കാടും നടത്തിവരുന്ന പ്രവർത്തനങ്ങൾ കേരളത്തിലെ കാർഷിക മേഖലയ്ക്ക് കൂടുതൽ ശക്തി പകരുന്നതാണെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു.  മാമ്പഴവും മാമ്പഴത്തിൽ നിന്നും ഉല്പാദിപ്പിക്കുന്ന വിവിധങ്ങളായ മൂല്യ വർധക ഉൽപന്നങ്ങളും വിപണനം ചെയ്യുന്നതിന് നൂതനമായ എല്ലാ സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തണമെന്നും എം. എൽ. എ പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത അധ്യക്ഷ വഹിച്ചു. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. അനിത കരുൺ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് കാർഷിക വിജ്ഞാന സംബന്ധമായ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം, കമ്മ്യൂണിറ്റി ലൈബ്രറിക്കാവശ്യമായ പുസ്തകങ്ങളുടെ വിതരണം, ന്യൂട്രികിറ്റ് വിതരണം, മൈക്രോസോൾ സൂക്ഷ്മ മൂലകലായനി വിതരണോദ്ഘാടനം, വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം തുടങ്ങിയവയും നടന്നു. നീലേശ്വരം നഗരസഭാധ്യക്ഷ ടി. വി. ശാന്ത, കാഞ്ഞങ്ങാട് നഗരസഭ വാർഡ് കൗൺസിലർ വി.വി ശോഭ, നീലേശ്വരം നഗരസഭ വാർഡ് കൗൺസിലർ കെ. പ്രീത, കാസർകോട് പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ വീണാറാണി, നാളികേര മിഷൻ അസോസിയേറ്റ് ഡയറക്ടർ ആർ.സുജാത, ഉത്തരമേഖല അസോസിയേറ്റ് ഡയറക്ടർ ഓഫ് എക്സ്റ്റൻഷൻ ഡോ. പി. ജയരാജ്, ഡോ. കെ. എം. ശ്രീകുമാർ, സി വി ഡെന്നി, പി.ടി.എ പ്രസിഡന്റ് ശ്രീധരൻ എന്നിവർ സംസാരിച്ചു. പടന്നക്കാട് കാർഷിക കോളേജ് ഡീൻ ഡോ. പി. കെ. മിനി സ്വാഗതവും  മുഹമ്മദ് സുഹൈൽ നന്ദിയും പറഞ്ഞു.
പേരുകേട്ട മാമ്പഴ വൈവിധ്യങ്ങളെ മലബാറിന് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി 2005 മുതൽ നടത്തിവരുന്ന മാമ്പഴമേളയുടെ പതിനാറാമത് പതിപ്പാണിത്. പടന്നക്കാട് കാർഷിക കോളേജിന്റെ മാവിൻത്തോട്ടത്തിൽ നിന്നും വിളവെടുത്തതും കാർഷിക സർവകലാശാലയുടെ തോട്ടങ്ങളിൽ നിന്നും കൊണ്ടുവരുന്നതുമായ 22 ഇനം മാമ്പഴങ്ങൾ പ്രദർശന നഗരിയിൽ വിൽപ്പനയ്ക്ക് സജ്ജീകരിക്കുന്നതാണ്. കോളേജിന്റെ ആകർഷണമായ ഫിറാങ്കിലുടുവ മേളയിൽ പ്രധാന സ്ഥാനത്തുണ്ട്. മാമ്പഴവിപണനത്തിന് പുറമെ തൈ വിൽപ്പന, സെമിനാർ, കീട രോഗ നിർണ്ണയ ക്യാമ്പ്, പ്രദർശനങ്ങൾ, പരിശീലന പരിപാടികൾ, മത്സരങ്ങൾ, കലാസാംസ്‌കരിക പരിപാടികൾ, ഭക്ഷ്യ വൈവിധ്യങ്ങളുമായി ആർ.ടി.എസ് എന്നിവയും ഒരുക്കിയിട്ടുണ്ട്. കർഷകരും, ജനപ്രതിനിധികളും, രാഷ്ട്രീയ നേതാക്കളും, കാർഷിക അനുബന്ധ സ്ഥാപനങ്ങളും ഈ മേളയുടെ വിജയത്തിനായി രംഗത്തുണ്ട്.
മാങ്ങയുടെ മൂല്യവർധിത ഉൽപന്നങ്ങളുടെ പ്രചരണം, കലാവസ്ഥ വ്യതിയാനം മൂലം നഷ്ടമായി കൊണ്ടിരിക്കുന്ന നാട്ടുമാവിനങ്ങളുടെ സംരക്ഷണത്തിനായി ജീൻ ബാങ്ക് എന്നിവയാണ് ഇത്തവണത്തെ മാംഗോ ഫെസ്റ്റിന്റെ പ്രമേയം