'എന്‍റെ രാജി ശരിയെന്ന് തെളിഞ്ഞു'; അമ്മയില്‍ പുതുതലമുറ മാറ്റം കൊണ്ടുവരുമെന്നും ഹരീഷ് പേരടി

വിജയ് ബാബുവിനെ യോഗത്തിൽ പങ്കെടുപ്പിച്ചത് തെറ്റായ സന്ദേശമാണ് നൽകുകയെന്നും ഹരീഷ്

'എന്‍റെ രാജി ശരിയെന്ന് തെളിഞ്ഞു'; അമ്മയില്‍ പുതുതലമുറ മാറ്റം കൊണ്ടുവരുമെന്നും ഹരീഷ് പേരടി

താരസംഘടന അമ്മയില്‍ (AMMA) നിന്ന് രാജിവച്ചത് ശരിയായ തീരുമാനമെന്ന് തെളിഞ്ഞതായി നടന്‍ ഹരീഷ് പേരടി (Hareesh Peradi). സംഘടന ഒരു ക്ലബ്ബ് ആണെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞത് ശരിയായില്ലെന്നും ഹരീഷ് പേരടി പ്രതികരിച്ചു. ബലാല്‍സം​ഗക്കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ പങ്കെടുപ്പിച്ചതടക്കം അമ്മയുടെ വാര്‍ഷിക ബനറല്‍ ബോഡി യോ​ഗത്തിനു പിന്നാലെ ഉയര്‍ന്ന ചര്‍ച്ചകളില്‍ പ്രതികരിക്കുകയായിരുന്നു ഹരീഷ് പേരടി.

വിജയ് ബാബുവിനെ യോഗത്തിൽ പങ്കെടുപ്പിച്ചത് തെറ്റായ സന്ദേശമാണ് നൽകുകയെന്ന് പറഞ്ഞ ഹരീഷ് സംഘടനയില്‍ പുതിയ തലമുറ മാറ്റം കൊണ്ടുവരുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. എന്‍റെ രാജി വ്യക്തിപരമായിരുന്നില്ല. മറിച്ച് നിലപാടായിരുന്നു. സംഘടന നിലപാട് മാറ്റിയാൽ രാജി പിൻവലിക്കുന്ന കാര്യം അപ്പോൾ ആലോചിക്കേണ്ട കാര്യമാണ്, ഹരീഷ് പേരടി കൂട്ടിച്ചേര്‍ത്തു.