മൺസൂൺ മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം - ജില്ലാ കളക്ടർ

മൺസൂൺ മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം - ജില്ലാ കളക്ടർ

കാസർകോട്  ▪️മൺസൂൺ മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാ വകുപ്പുകൾക്കും ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് നിർദ്ദേശം നൽകി. മൺസൂൺ മുന്നൊരുക്കങ്ങൾ  വിലയിരുത്തുന്നതിന് ചേർന്ന യോഗത്തിലാണ് കളക്ടർ നിർദേശം നൽകിയത്. പൊതുസ്ഥലത്തും റോഡരികുകളിലും കെട്ടിടങ്ങൾക്ക് ഭീഷണിയായും  അപകടം വരുത്തുന്ന രീതിയിലുള്ള മരങ്ങൾ മുറിച്ച് നീക്കുന്നതിന് റിപ്പോർട്ട് തേടി. അടിയന്തര നടപടി സ്വീകരിക്കാൻ യോഗം തഹസിൽദാർമാരോട് നിർദ്ദേശിച്ചു. അപകട ഭീഷണിയിലുള്ള മരങ്ങളെ കുറിച്ച് പൊതുജനങ്ങൾക്കും വിവരം ബന്ധപ്പെട്ടവരെ അറിയിക്കാം. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലുള്ള അപകട ഭീഷണിയുയർത്തുന്ന വൃക്ഷങ്ങളെ കുറിച്ചും റിപ്പോർട്ട് തയാറാക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനപ്രകാരം നടപടി സ്വീകരിക്കും.
പാറമടകൾ വേലി കെട്ടി സംരക്ഷിക്കണമെന്നും രണ്ടു ദിവസം മഴ തുടർന്നാൽ  പാറമടയുടെ പ്രവർത്തനം നിർത്തിവെക്കണമെന്നും നിർദ്ദേശിച്ചു. ഉരുൾപ്പൊട്ടൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ പാറമടകളിൽ അമിതമായി വെള്ളം സംഭരിക്കുന്നത് നിയന്ത്രിക്കാൻ നിർദ്ദേശം നൽകി.
ഡെങ്കിപനിയും എലിപനിയും ജലജന്യ രോഗങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മലേറിയ ഓഫീസർ പി സുരേശൻ അറിയിച്ചു. മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ എലിപനിയും ഡെങ്കിയും വർധിക്കാൻ ഇടയുണ്ട്. ഡെങ്കി പനിക്ക് കാരണമായ ഈഡിസ് കൊതുകുകൾ മലയോര പ്രദേശങ്ങളിൽ വ്യാപകമായി കാണപ്പെടുന്നുണ്ട്. സ്‌കിൻ തോട്ടങ്ങളിലും റബ്ബർ തോട്ടങ്ങളിലും കവുങ്ങിൻ തോട്ടങ്ങളിലും ശുദ്ധജലത്തിലും ആണ് ഇവ വ്യാപകമായി വളരുന്നത്. ഡെങ്കി ഏപ്രിൽ മാസത്തിൽ 28 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ അത് 40 ആയി. 32 സംശയാസ്പദമായ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പനത്തടി, ബളാൽ,  കുറ്റിക്കോൽ, പുല്ലൂർ പെരിയ തുടങ്ങിയ പഞ്ചായത്തുകളിലാണ് കൂടുതലായി ഈ രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എലിപ്പനി കിനാനൂർ കരിന്തളം പഞ്ചായത്തിലും നീലേശ്വരം നഗരസഭയിലും ആണ് റിപ്പോർട്ട് ചെയ്തത്. ആരോഗ്യജാഗ്രത പ്രവർത്തനം പഞ്ചായത്തുകളിലും വാർഡ് തലത്തിലും ശക്തമാക്കണമെന്നും  നിർദ്ദേശിച്ചു.
തീരദേശ പോലീസിന് മത്സ്യബന്ധന തൊഴിലാളികളെ രക്ഷിക്കുന്നത് രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെടുന്നതിന് ആവശ്യമായ ബോട്ട് ലഭ്യമാക്കണമെന്ന് യോഗത്തിൽ നിർദേശം ഉയർന്നു. നിലവിൽ നീലേശ്വരം കേന്ദ്രീകരിച്ചാണ് രക്ഷാ ബോർഡ് പ്രവർത്തിക്കുന്നത്. കാസർകോട് ഫിഷറീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് ഒരു രക്ഷാബോട്ടിന്റെ പ്രവർത്തനം ആരംഭിക്കണമെന്നും ഇതിന് ഫിഷറീസ് വകുപ്പ് നടപടി സ്വീകരിക്കണമെന്നും യോഗം നിർദ്ദേശം നൽകി. അർഹരായ തൊഴിലാളികളുടെ പട്ടിക ലഭ്യമാകുന്ന മുറക്ക് സൗജന്യറേഷൻ വിതരണം ചെയ്യുന്നതിന് സിവിൽ സപ്ലൈസ് വകുപ്പ് നടപടി സ്വീകരിക്കണം.
കടലാക്രമണത്തിൽ തെങ്ങുകൾക്കും കാലവർഷത്തിൽ കാർഷിക വിളകൾക്കും ഉണ്ടാകുന്ന നാശനഷ്ടത്തെ കുറിച്ച് അടിയന്തരമായി വേഗത്തിൽ റിപ്പോർട്ട് നൽകണമെന്നും പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് നിർദ്ദേശം നൽകി. വിളകൾക്ക് നാശനഷ്ടമുണ്ടായാൽ ഇൻഷുറൻസ് ലഭ്യമാക്കുന്ന നടപടികൾ ത്വരിതപ്പെടുത്തണം. മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര മുന്നറിയിപ്പുകൾ നൽകുന്നതിന് മേയ് 15 മുതൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ മേൽനോട്ടത്തിൽ പ്രവർത്തനം ആരംഭിക്കുമെന്നും അിറയിച്ചു.
യോഗത്തിൽ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ്പി പി കെ സുധാകരൻ, റവന്യു ജൂനിയർ സൂപ്രണ്ട് സഞ്ജയകുമാർ, തഹസിൽദാർമാർ, വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു